'ലോട്ടറി രാജാവ്' വിശേഷണം: സാന്റിയാഗോ മാര്‍ട്ടിനോട് മനോരമ മാപ്പ് പറഞ്ഞു
ഭാവിയില്‍ മാര്‍ട്ടിനുമായോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കേണ്ടി വന്നാല്‍ സൂക്ഷ്മത പാലിക്കുമെന്നും അറിയിച്ചിട്ടുണ്ട്
കോഴിക്കോട്: 'ലോട്ടറി രാജാവ്', 'ലോട്ടറി മാഫിയ', 'കൊള്ളക്കാരന്‍' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചതിനു സാന്റിയാഗോ മാര്‍ട്ടിനോട് മലയാള മനോരമ പരസ്യമായി മാപ്പ് പറഞ്ഞു. ഇത്തരം പദങ്ങള്‍ എഴുതാന്‍ ഇടയായതില്‍ മാനേജ്‌മെന്റ് നിര്‍വ്യാജം ഖേദിക്കുന്നതിനൊപ്പം അവ പിന്‍വലിക്കുന്നതായും മാനേജ്‌മെന്റ് അറിയിച്ചു. സിക്കിം ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഖേദപ്രകടനം. മാര്‍ട്ടിനും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും മലയാള മനോരമയും തമ്മില്‍ നിലവിലുള്ള എല്ലാ കേസുകളും രമ്യമായി പരിഹരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതായും മനോരമ ദിനപത്രത്തില്‍ നല്‍കിയ വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. മാര്‍ട്ടിനെയും അദ്ദേഹത്തിന്റെ ലോട്ടറി ബിസിനസിനെയും സംബന്ധിച്ചു മലയാള മനോരമ ദിനപത്രത്തിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും വന്ന വാര്‍ത്തകള്‍ ഒന്നുംതന്നെ അദ്ദേഹത്തെ വ്യക്തിപരമായോ, അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങളെയോ അപകീര്‍ത്തിപ്പെടുത്താനോ കളങ്കപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നാണ് മനോരമയുടെ ക്ഷമാപണത്തിലുള്ളത്.
ലോട്ടറി മാഫിയ തുടങ്ങിയ പദപ്രയോഗങ്ങളുടെ പേരില്‍ മാര്‍ട്ടിനും അദ്ദേഹത്തിന്റെ ബിസിനസിനും കളങ്കം നേരിട്ടതായ പ്രതീതിയുണ്ടായതിനും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഭാവിയില്‍ മാര്‍ട്ടിനുമായോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കേണ്ടി വന്നാല്‍ സൂക്ഷ്മത പാലിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സിക്കിമിലും നാഗാലാന്‍ഡിലും നിലവിലുള്ള എല്ലാ കേസുകളും രമ്യമായി അവസാനിപ്പിക്കാനും മേലില്‍ ഇതുമായി ബന്ധപ്പെട്ട യാതൊരുവിധ വ്യവഹാരങ്ങളും ഉണ്ടാവുകയില്ലെന്നും പരസ്പരം ധാരണയിലെത്തിയിട്ടുണ്ട്. ഏതായാലും സിപിഎം മുഖപത്രത്തില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനത്തിന്റെ പരസ്യം വന്നതും മറ്റും ഏറെ വിവാദമായിരുന്നു. സിക്കിം, ഭൂട്ടാന്‍ ലോട്ടറി കച്ചവടവുമായി ബന്ധപ്പെട്ട് മാത്രം മാര്‍ട്ടിനെതിരേ 30ലേറെ കേസുകളുണ്ടായിരുന്നു. മാര്‍ട്ടിന്റെ സിപിഎം ബന്ധം ഏറെക്കാലം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതിനു മനോരമ പത്രം എല്ലാ അവസരങ്ങളും ഉപയോഗിച്ചിരുന്നു. എന്നാല്‍, മാര്‍ട്ടിന്‍ ശക്തമായ നിയമനടപടികളിലേക്ക് നീങ്ങിയതോടെയാണ് മനോരമയ്ക്കു പരസ്യമായി മാപ്പ് പറയുന്ന വിധത്തിലേക്കെത്തിയത്.