എസ് സി/എസ് ടി വിദ്യാര്‍ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ് മുടങ്ങി
സ്‌കൂളുകളില്‍ നിന്ന് സമയബന്ധിതമായി ലഭിച്ചിരുന്ന ഈ ആനുകൂല്യങ്ങള്‍ ഈ അധ്യയന വര്‍ഷം മുതല്‍ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതോടെ വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി ലഭ്യമാവാത്ത സാഹചര്യമാണുള്ളത്.
അരീക്കോട്: പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് ലഭിക്കേണ്ട ലംപ്‌സം ഗ്രാന്റ് സ്‌കോളര്‍ഷിപ്പ് സാങ്കേതിക തകരാര്‍ കാരണം നീണ്ടുപോവുന്നു. അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് ഈ വര്‍ഷം നവംബര്‍ പകുതിയായിട്ടും വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചില്ലെന്നത് പരാതിക്കിടയാക്കുന്നു. പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പട്ടിക ജാതി പട്ടിക വര്‍ഗ വികസന ഓഫിസര്‍ മുഖേനയാണ് സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തിരുന്നത്. ഒന്നുമുതല്‍ 10 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റായും പഠനോപകരണങ്ങള്‍ വാങ്ങുന്നതിലേക്കായി വിദ്യാര്‍ഥിക്ക് 2000 രൂപയും അനുവദിച്ചിരുന്നു. സ്‌കൂളുകളില്‍ നിന്ന് സമയബന്ധിതമായി ലഭിച്ചിരുന്ന ഈ ആനുകൂല്യങ്ങള്‍ ഈ അധ്യയന വര്‍ഷം മുതല്‍ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതോടെ വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി ലഭ്യമാവാത്ത സാഹചര്യമാണുള്ളത്.
പ്രധാനാധ്യാപകന്‍ ഓണ്‍ലൈന്‍ വഴി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വെബ്‌സൈറ്റിലേക്ക് അപ് ലോഡ് ചെയ്താല്‍ മാത്രമാണ് തുക ലഭിക്കുക. എന്നാല്‍ ഓണ്‍ലൈന്‍ സംവിധാനം വന്നതോടെ അത് പ്രയോജനപ്പെടുത്താന്‍ അധ്യാപകര്‍ക്ക് സാങ്കേതികമായി കഴിയാത്തതു കാരണം വിവരങ്ങള്‍ യഥാവിധം വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ അപേക്ഷ അപൂര്‍ണമായതിനാല്‍ ഫണ്ട് അനുവദിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് തയ്യാറാവുന്നില്ല. അരീക്കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ മാത്രം നാലായിരത്തോളം വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് മുടങ്ങിയിരിക്കുന്നത്. സബ്ട്രഷറിയില്‍ നിന്ന് ബില്ല് അനുവദിക്കാത്തതു കൊണ്ടാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തതെന്നാണ് ബ്ലോക്ക് ഓഫിസില്‍ നിന്നുള്ള വിവരം. എന്നാല്‍ രണ്ടു ദിവസം മുമ്പെയാണ് ട്രഷറിയിലേക്ക് ഫണ്ട് സംബന്ധിച്ച വിവരം ബ്ലോക്ക് ഓഫിസ് ജീവനക്കാര്‍ കൈമാറിയതെന്നാണ് ട്രഷറി ജീവനക്കാര്‍ പറയുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ആദിവാസികളടക്കമുള്ള നിര്‍ധനരായ വിദ്യാര്‍ഥികള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിയിരിക്കുകയാണ്. അടിയന്തരമായി സ്‌കോളര്‍ഷിപ്പ് വിതരണം നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.