'മതസൗഹാര്‍ദ സമീപനത്തെ പിച്ചിക്കീറി'; കോന്നിയിലെ മോദിയുടെ ശരണംവിളിക്കെതിരേ ആഞ്ഞടിച്ച് എം എ ബേബി

തിരഞ്ഞെടുപ്പ് യോഗത്തില്‍ ശരണം വിളിക്കുന്നതോ, 'അല്ലാഹു അക്ബര്‍' എന്നു വിളിക്കുന്നതോ, യേശു ക്രിസ്തുവിന് ജയ് വിളിക്കുന്നതോ ശരിയല്ലെന്ന് എം എ ബേബി പറഞ്ഞു.

Update: 2021-04-02 18:17 GMT

കരുനാഗപ്പള്ളി: കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. രാജ്യത്തെ പ്രധാനമന്ത്രിമാര്‍ പിന്തുടര്‍ന്നു വന്ന മതസൗഹാര്‍ദ സമീപനത്തെ നഗ്‌നമായി പിച്ചിക്കീറുന്ന പ്രവൃത്തിയായിരുന്നു പ്രചാരണ യോഗത്തിലെ ശരണം വിളിയെന്ന് എം എ ബേബി പറഞ്ഞു. കരുനാഗപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ പോയി 'സ്വാമിയേ ശരണമയ്യപ്പാ' എന്നു വിളിക്കാം. തിരഞ്ഞെടുപ്പ് യോഗത്തില്‍ ശരണം വിളിക്കുന്നതോ, 'അല്ലാഹു അക്ബര്‍' എന്നു വിളിക്കുന്നതോ, യേശു ക്രിസ്തുവിന് ജയ് വിളിക്കുന്നതോ ശരിയല്ലെന്ന് എം എ ബേബി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സര്‍ക്കാരുകളുടെ നയം ചര്‍ച്ച ചെയ്യേണ്ട വേദിയാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മതവിശ്വാസ സ്വാതന്ത്ര്യം മോദിയുടെ ഇന്ത്യയില്‍ ഉറപ്പു നല്‍കുന്നുണ്ടോയെന്നും അടുത്തിടെ കന്യാസ്ത്രീകള്‍ക്കു നേരെയുണ്ടായ ആക്രമണം പരാമര്‍ശിച്ച് ബേബി ചോദിച്ചു.

Tags:    

Similar News