മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ മര്‍ദ്ദനത്തില്‍ മഹല്ല് പ്രസിഡന്റ് മരിച്ച സംഭവം; കൊലപാതകത്തിന് കേസെടുത്തു
കരുനാഗപ്പള്ളി: വിവാഹ മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ വധുവിന്റെ ബന്ധുക്കളുടെ മര്‍ദ്ദനത്തില്‍ ജമാഅത്ത് പ്രസിഡന്റും തൊടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലീം മണ്ണേല്‍ മരിച്ച സംഭവത്തില്‍ കരുനാഗപ്പള്ളി പോലിസ് കൊലപാതകത്തിന് കേസെടുത്തു. 15 പേര്‍ക്കെതിരേ കേസെടുത്ത പോലിസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. സംഭവത്തില്‍ പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്. പാലോലിക്കുളങ്ങര മുസ് ലിം ജമാഅത്തില്‍പ്പെട്ട ഷമീറും കോയിവിള മുസ് ലിം ജമാഅത്തില്‍പ്പെട്ട സുല്‍ഫത്തും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങള്‍ മധ്യസ്ഥ ചര്‍ച്ചയില്‍ പരിഹരിക്കാന്‍ ഇരുകൂട്ടരുടെയും ബന്ധുക്കള്‍ പാലോലിക്കുളങ്ങര ജമാഅത്ത് ഓഫിസില്‍ വെള്ളിയാഴ്ച വൈകീട്ട് ഒത്തുകൂടിയിരുന്നു. ചര്‍ച്ചയ്ക്കിടെ വധുവിന്റെ കൂടുതല്‍ ബന്ധുക്കള്‍ ഓഫീസിലേക്കെത്തി. തുടര്‍ന്ന് 5.30 ഓടെ അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. വധുവിന്റെ ബന്ധുക്കള്‍ പ്രകോപനമില്ലാതെ സലിം മണ്ണേലിനെ മര്‍ദ്ദിച്ചെന്നാണ് ആരോപണം. മര്‍ദ്ദനത്തിനിടെ കുഴഞ്ഞുവീണാണ് സലീം മണ്ണേല്‍ മരണപ്പെട്ടത്. നേരത്തേ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു സലീം എന്നാണ് പറയപ്പെടുന്നത്. സ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്. തൊടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്നു സിപിഎം പ്രതിനിധിയായാണ് കന്നി പോരാട്ടത്തില്‍ സലീം വിജയിച്ചത്. തുടര്‍ന്ന് വൈസ് പ്രസിഡന്റുമായി. ഏറെക്കാലം പാലോലിക്കുളങ്ങര മുസ് ലിം ജമാഅത്ത് പ്രസിഡന്റാണ്.