വിശ്വാസവോട്ട്: മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി തെറ്റായിരുന്നുവെന്ന് സുപ്രിം കോടതി

Update: 2023-05-11 08:38 GMT

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെയോട് വിശ്വാസവോട്ട് തേടാന്‍ നിര്‍ദേശിച്ച സംസ്ഥാന ഗവര്‍ണറുടെ നടപടി തെറ്റായിരുന്നുവെന്ന് സുപ്രിം കോടതി. അതേസമയം, വിശ്വാസവോട്ടിനു കാത്തുനില്‍ക്കാതെ ഉദ്ദവ് താക്കറെ രാജിവച്ചതിനാല്‍ സര്‍ക്കാരിനെ പുനസ്ഥാപിക്കുന്നതിന് ഉത്തരവിടുന്നില്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. പാര്‍ട്ടിയിലെ പടലപ്പിണക്കത്തിന്റെ പേരില്‍ നിയമസസഭയില്‍ വിശ്വാസവോട്ട് നടത്താനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്. ഏകനാഥ് ഷിന്‍ഡെ വിഭാഗത്തില്‍നിന്നുള്ളയാളെ വിപ് ആയി നിയമിച്ച സ്പീക്കറുടെ നടപടി നിയമിവിരുദ്ധമാണ്. രാഷ്ട്രീയ പാര്‍ട്ടി നിര്‍ദേശിച്ചയാളെയേ സ്പീക്കര്‍ക്കു വിപ് ആയി നിയമിക്കാനാവൂ. സുനില്‍ പ്രഭു, ഭരത് ഗോഗവാലെ എന്നിവരില്‍ പാര്‍ട്ടി നോമിനി ആരാണെന്നു പരിശോധിക്കാന്‍ സ്പീക്കര്‍ ശ്രമിച്ചില്ല. സ്പീക്കറുടെ അധികാരങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങളുള്ള വിധി വിശാല ബെഞ്ച് പുനപ്പരിശോധിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസിനെക്കൂടാതെ ജസ്റ്റിസുമാരായ എംആര്‍ ഷാ, കൃഷ്ണ മുരാരി, ഹിമ കോലി, പിഎസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 16 വരെ കേസില്‍ വാദം കേട്ടശേഷമാണ് ഏകകണ്‌ഠ്യേനയുള്ള വിധി പ്രസ്താവിച്ചത്.

    ഇരുവിഭാഗം ശിവസേനയില്‍ നിന്നുമുള്ളവര്‍ നല്‍കിയ ഒരു കൂട്ടം ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് കാണിച്ച് അന്നത്തെ ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത് ഏകനാഥ് ഷിന്‍ഡെയാണ് ആദ്യ ഹര്‍ജി നല്‍കിയത്. വിശ്വാസവോട്ട് തേടാന്‍ നിര്‍ദേശിച്ച ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഉദ്ദവ് താക്കറെ വിഭാഗവും ഹരജി നല്‍കി. ബിജെപി പിന്തുണയോടെ ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യം ചെയ്തും സ്പീക്കര്‍ തിരഞ്ഞെടുപ്പിനെതിരെയും ഇവര്‍ ഹരജികള്‍ നല്‍കിയിരുന്നു. 2022 ആഗസ്തില്‍ അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു. സുപ്രധാന നിയമ പ്രശ്‌നങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

    അതിനിടെ, വിശ്വാസവോട്ടിനു കാത്തുനില്‍ക്കാതെ ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ഏറ്റവുംവലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ പിന്തുണയോടെ ഏകനാഥ് ഷിന്‍ഡെയെ സര്‍ക്കാരുണ്ടാക്കുകയുമായിരുന്നു. ഉദ്ദവ് താക്കറെ വിഭാഗത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് മനു സിങ് വി, ദേവദത്ത കാമത്ത് തുടങ്ങിയവരാണ് ഹാജരായത്. ഷിന്‍ഡെ വിഭാഗത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ നീരജ് കിഷന്‍ കൗള്‍, ഹരീഷ് സാല്‍വേ, മഹേഷ് ജത് മലാനി, മനീന്ദര്‍ സിങ് എന്നിവര്‍ വാദിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് മഹാരാഷ്ട്രാ ഗവര്‍ണര്‍ക്കു വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത്.

Tags:    

Similar News