വീടിന് പുറത്ത് സായുധ പോലിസ്; തന്നെ നിരീക്ഷണത്തിലാക്കിയെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര

താന്‍ ഒരു തരത്തിലുള്ള സുരക്ഷയും ആവശ്യപ്പെട്ടിട്ടില്ലെന്നും താന്‍ നിരീക്ഷണത്തിലാണെന്ന് തോന്നിപോകുന്നുവെന്നും അവര്‍ വ്യക്തമാക്കി.

Update: 2021-02-13 16:00 GMT

ന്യൂഡല്‍ഹി: അനുമതിയില്ലാതെ വീടിനുപുറത്ത് വിന്യസിച്ച സായുധ ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഡല്‍ഹി പോലിസിന് കത്തെഴുതി. താന്‍ ഒരു തരത്തിലുള്ള സുരക്ഷയും ആവശ്യപ്പെട്ടിട്ടില്ലെന്നും താന്‍ നിരീക്ഷണത്തിലാണെന്ന് തോന്നിപോകുന്നുവെന്നും അവര്‍ വ്യക്തമാക്കി.

തന്റെ സംരക്ഷണത്തിനായി സര്‍ക്കാര്‍ വിഭവങ്ങള്‍ പാഴാക്കരുതെന്നും എല്ലാവരേയും സംരക്ഷിക്കണമെന്നും മൊയിത്ര പറഞ്ഞു. തനിക്ക് മാത്രം പ്രത്യേകമായി ഒന്നും ആവശ്യമില്ലെന്നും സുരക്ഷയുടെ ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി.

താമസ സ്ഥലത്തേക്കും പുറത്തേക്കുമുള്ള തന്റെ യാത്രാ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ കുറിച്ചുവെയ്ക്കുന്നതായും അവര്‍ സംശയം പ്രകടിപ്പിച്ചു. ഒരുതരം നിരീക്ഷണത്തിലാണെന്ന് തനിക്ക് തോന്നുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം, ഭരണഘടന പ്രകാരം രാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ ഉറപ്പുനല്‍കുന്ന ഒരു മൗലികാവകാശമാണെന്ന് ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

'തന്റെ സംരക്ഷണത്തിനായി സായുധ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി അന്വേഷണത്തില്‍ വിവരം ലഭിച്ചു. എന്നാല്‍, ഈ രാജ്യത്തെ ഒരു സാധാരണ പൗരനെന്ന നിലയില്‍ അത്തരം സംരക്ഷണം ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്തില്ല. അതിനാല്‍, ഈ ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.' അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News