കൊറോണ: സാമ്പത്തിക തകര്‍ച്ച മുന്നറിയിപ്പ്; മരണം 60,000ത്തിലേക്ക്, ചൈനയില്‍ 19 പുതിയ കേസുകള്‍

ആരോഗ്യ അടിയന്തരാവസ്ഥ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു. ദരിദ്രരേയും ഏറ്റവും ദുര്‍ബലരായ രാജ്യങ്ങളേയും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി വിശേഷിപ്പിച്ചത്.

Update: 2020-04-04 02:02 GMT

വാഷിംഗ്ടണ്‍:കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്നതിനടെ കടുത്ത സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പുമായി ലോകത്തെ രണ്ട് പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍. ആരോഗ്യ അടിയന്തരാവസ്ഥ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു. ദരിദ്രരേയും ഏറ്റവും ദുര്‍ബലരായ രാജ്യങ്ങളേയും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി വിശേഷിപ്പിച്ചത്.

അതേസമയം, കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ലോകരാജ്യങ്ങള്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുമ്പോഴും വിവിധ രാജ്യങ്ങളിലെ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ന്നു. ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1,98,025 ആയി. 59,145 ആളുകളാണ് വൈറസ് ബാധമൂലം മരിച്ചത്. യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. 240 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

യൂറോപ്പിലും അമേരിക്കയിലും റെക്കോര്‍ഡ് മരണങ്ങളും അണുബാധയുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രോഗബാധിതരുടെ എണ്ണം 2.5 ലക്ഷം കവിഞ്ഞ അമേരിക്കയില്‍ മരണം ആറായിരം കടന്നു. കാലഫോര്‍ണിയയിലെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 71 പേരില്‍ രോഗം സ്ഥിരീകരിച്ചു. വാഷിംഗ്ടണില്‍ ലോക്ക്ഡൗണ്‍ മെയ് 4 വരെ നീട്ടി. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് രാജ്യവ്യാപകമായി പൗരര്‍ക്ക് നിര്‍ദേശം നല്‍കേണ്ട സമയം അതിക്രമിച്ചെന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. ആന്റണി ഫൗച്ചി പറഞ്ഞു.

24 മണിക്കൂറിനിടെ 932 പേര്‍ കൂടി മരിച്ചതോടെ സ്‌പെയിനില്‍ മരണ സംഖ്യ 11,000 ത്തിനടുത്തെത്തി. രോഗബാധിതര്‍ 1,18,000 ആയി. ഇറ്റലിയില്‍ മരണ സംഖ്യ 14,000 പിന്നിട്ടു. ഇറാനില്‍ 3300 ഓളം ആളുകളാണ് മരിച്ചത്.

ബ്രിട്ടനില്‍ ജീവന്‍ നഷ്ടമായത് മൂവായിരത്തോളം പേര്‍ക്കാണ്. തനിക്ക് തീവ്രമായ രോഗലക്ഷണങ്ങളുണ്ടായില്ലെന്ന് കൊവിഡിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന ചാള്‍സ് രാജകുമാരന്‍ വ്യക്തമാക്കി. ജര്‍മ്മനിയില്‍ മരണം ആയിരം കടന്നു. രോഗബാധിതനുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് 14 ദിവസം നിരീക്ഷണത്തിലായിരുന്ന ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ തിരികെ ഓഫിസിലെത്തി.ഇറാഖില്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതല്‍ രോഗബാധിതരുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സിയെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് 3 മാസത്തേക്ക് വിലക്കി. സിംഗപ്പൂരില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു.

കൊവിഡിനെ തുടര്‍ന്ന് മരിച്ച ആരോഗ്യപ്രവര്‍ത്തകരടക്കമുള്ളവരെ അനുസ്മരിച്ച് ചൈനയില്‍ നാളെ ദേശീയ ദുഖാചരണം നടക്കും.

അതിനിടെ, മെയിന്‍ലാന്റ് ചൈനയില്‍ പുതിയ 19 കൊറോണ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹൂബെ പ്രവിശ്യയില്‍ ഒരു കേസും റിപോര്‍ട്ട് ചെയ്തതില്‍ ഉള്‍പ്പെടും. പുതിയ കേസുകളില്‍ 18ഉം വിദേശത്ത് നിന്നെത്തിയവരാണെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ കേസുകള്‍ ഉള്‍പ്പെടെ രോഗബാധിതരുടെ എണ്ണം 81,639 ആയി. വെള്ളിയാഴ്ച വൈറസ് ബാധമൂലം ഇവിടെ നാലു മരണങ്ങളും റിപോര്‍ട്ട് ചെ്തിട്ടുണ്ട്. ഇതോടെ ചൈനയില്‍ മരിച്ചവരുടെ എണ്ണം 3,326 ആയി ഉയര്‍ന്നു. 

Tags:    

Similar News