ചെറിയ ലഹരി ഉപയോഗം കുറ്റമല്ലാതാക്കുന്നു

കൂടിയ അളവില്‍ ലഹരി കൈവശം വയ്ക്കുന്നവര്‍ക്കു ശിക്ഷ ഉറപ്പാക്കുന്ന തരത്തിലായിരിക്കും നിയമ പരിഷ്‌ക്കരണം. ആവര്‍ത്തിച്ചു പിടിക്കപ്പെടുന്നവരുടെ കാര്യത്തില്‍ കര്‍ശന വ്യവസ്ഥകള്‍ വരും

Update: 2021-11-13 01:25 GMT

ന്യൂഡല്‍ഹി: ചെറിയ തോതിലുള്ള ലഹരി ഉപയോഗം കുറ്റകരമല്ലാതാക്കാനുള്ള നീക്കം നടക്കുന്നു. നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി. ലഹരിക്ക് അടിമപ്പെട്ട കേസുകളില്‍ പിടിക്കപ്പെടുന്നവരെ പുനരധിവസിപ്പിച്ചും 30 ദിവസത്തെ ലഹരിമുക്ത ചികിത്സയും കൗണ്‍സലിങ്ങും നല്‍കിയും മുഖ്യ ധാരയിലേക്കു കൊണ്ടുവരുന്ന വിധമാണ് നിയമം പരിഷ്‌ക്കരിക്കുക. ഇതിനായി, നിയമ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചു. ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് പദ്ധതി.

 കൂടിയ അളവില്‍ ലഹരി കൈവശം വയ്ക്കുന്നവര്‍ക്കു ശിക്ഷ ഉറപ്പാക്കുന്ന തരത്തിലായിരിക്കും നിയമ പരിഷ്‌ക്കരണം. ആവര്‍ത്തിച്ചു പിടിക്കപ്പെടുന്നവരുടെ കാര്യത്തില്‍ കര്‍ശന വ്യവസ്ഥകള്‍ വരും.ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികള്‍ എന്നതിനെക്കാള്‍ ഇരകള്‍ എന്ന നിലയിലാണു പരിഗണിക്കേണ്ടതെന്നാണു സാമൂഹിക നീതി മന്ത്രാലയത്തിന്റെ നിലപാട്. അവരെ ശിക്ഷിക്കുന്നതിനു പകരം, പുനരധിവാസത്തിനും ലഹരിമുക്തി ബോധവല്‍ക്കരണത്തിനും വിധേയമാക്കണം. നര്‍കോട്ടിക്, ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്എ) നിയമത്തിലെ 27ാം വകുപ്പ് പ്രകാരം 10,000 രൂപ പിഴയോ 6 മാസത്തെ തടവോ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ട കുറ്റമാണ് ലഹരി ഉപയോഗം. ജാമ്യ വ്യവസ്ഥകളും കര്‍ശനമാണ്. ഈ വകുപ്പിലാണ് ഭേദഗതി വരിക. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം,റവന്യു വകുപ്പ്, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയവ നിയമ ഭേദഗതിക്ക് അനുകാലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

Tags:    

Similar News