മലബാര്‍ സമര അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

മലബാര്‍ സമരങ്ങളുടെ തുടക്കമായി കണക്കാക്കുന്ന ഈ പരിപാടിയുടെ അനുസ്മരണമാണ് മലബാര്‍ സമര അനുസ്മരണ സമിതിയുടെ കീഴില്‍ തൃശൂര്‍ ഡോക്ടര്‍ എ ആര്‍ മേനോന്‍, കള്ളാടി യൂസഫ് നഗര്‍ (ജവഹര്‍ ബാലഭവനില്‍) വച്ച് നടന്നത്.

Update: 2021-02-28 16:53 GMT

തൃശൂര്‍: 1921ലെ ഖിലാഫത്ത് പ്രക്ഷോഭങ്ങളുടെ ഭാഗമായി നടന്ന മലബാര്‍ സമരം 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ സമുചിതമായി അനുസ്മരിക്കുന്നതിന്റെ ഭാഗമായി മലബാര്‍ സമര അനുസ്മരണ സമിതി 1921 ഫെബ്രുവരിയില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരേ തൃശൂരില്‍ നടത്തിയ പ്രകടനത്തിന്റെ അനുസ്മരണം സംഘടിപ്പിച്ചു.

മലബാര്‍ സമരത്തിന്റെ ഔപചാരിക തുടക്കം തൃശ്ശൂരില്‍നിന്നായിരുന്നു. നേതാക്കളായ യാക്കൂബ് ഹസന്‍, കെ മാധവന്‍ നായര്‍, യു ഗോപാലമേനോന്‍, മൊയ്തീന്‍ കോയ തുടങ്ങിയവര്‍ ജയില്‍മോചിതരായതില്‍ സന്തോഷം പ്രകടിപ്പിച്ച് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ 1921 ഫെബ്രുവരി 20ന് സംഘടിപ്പിച്ച യോഗത്തില്‍ ബ്രിട്ടീഷ് അനുകൂലികളായ ചിലര്‍ ബ്രിട്ടീഷ് അധികാരികളുടെ പ്രേരണയാല്‍ അക്രമം അഴിച്ചുവിടുകയും വേദി അഗ്‌നിക്കിരയാക്കുകയും ചെയ്യുകയായിരുന്നു.

ബ്രിട്ടീഷ് അനുകൂലികളായ ഒരു വിഭാഗം ക്രിസ്ത്യാനികള്‍ ഒരു ഭാഗത്തും മറ്റുള്ളവര്‍ മറുഭാഗത്തുമായി ദിവസങ്ങളോളം തൃശൂര്‍ നഗരം കലാപത്തിന് വേദിയാവുകയും കൊള്ളയും തീവെപ്പും നടക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കളുടെ ക്ഷണം ലഭിച്ചതനുസരിച്ച് ഏറനാട്ടിലേയും പട്ടാമ്പിയിലെയും ഖിലാഫത്ത് പ്രവര്‍ത്തകര്‍ കള്ളാടി യൂസഫിനെയും വടക്കു വീട്ടില്‍ മമ്മതുവിന്റെയും നേതൃത്വത്തില്‍ തൃശ്ശൂരിലെത്തുകയും ഡോക്ടര്‍ എ ആര്‍ മേനോന്‍, മാറായി കൃഷ്ണമേനോന്‍, കള്ളാടി യൂസഫ്, മക്കേ വീട്ടില്‍ മന്മതു എന്നിവരുടെ നേതൃത്വത്തില്‍ രണ്ടായിരത്തിലധികം ഖിലാഫത്ത് പ്രവര്‍ത്തകരും തൃശ്ശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് വമ്പിച്ച പ്രകടനം നടത്തുകയും ഈ ശക്തി പ്രകടനത്തില്‍ തൃശൂര്‍ നഗരം പ്രകമ്പനം കൊള്ളുകയും ചെയ്തു.

മലബാര്‍ സമരങ്ങളുടെ തുടക്കമായി കണക്കാക്കുന്ന ഈ പരിപാടിയുടെ അനുസ്മരണമാണ് മലബാര്‍ സമര അനുസ്മരണ സമിതിയുടെ കീഴില്‍ തൃശൂര്‍ ഡോക്ടര്‍ എ ആര്‍ മേനോന്‍, കള്ളാടി യൂസഫ് നഗര്‍ (ജവഹര്‍ ബാലഭവനില്‍) വച്ച് നടന്നത്.

പരിപാടിയില്‍ ഫാമിസ് അബൂബക്കര്‍ (ചെയര്‍മാന്‍, സ്വാഗതസംഘം), കെ എച്ച് നാസര്‍ (പ്രോഗ്രാം കണ്‍വീനര്‍, മലബാര്‍ സമര അനുസ്മരണ സമിതി), സി അബ്ദുള്‍ ഹമീദ് (ജന. കണ്‍വീനര്‍ മലബാര്‍ സമര അനുസ്മരണ സമിതി), പ്രഫ. ടി ബി വിജയ കുമാര്‍ (ദലിത് ഒബിസി മുസ്‌ലിം ഹ്യൂമന്‍ റൈറ്‌സ് ഫോറം തൃശൂര്‍), റെനി ഐലിന്‍ (എന്‍സിഎച്ച്ആര്‍ഒ), വാസു (പിയുസില്‍ ജില്ലാ പ്രസിഡന്റ്), ഇ എം ലെത്തീഫ് (കണ്‍വീനര്‍, സ്വാഗതസംഘം) പങ്കെടുത്തു.

Tags:    

Similar News