കൊവിഡ് ചികില്‍സാ കേന്ദ്രത്തിലിരുന്ന് കൊവിഡിനെതിരായ പോരാട്ടത്തില്‍ സജീവമായി മലപ്പുറം ജില്ലാ കലക്ടര്‍
കലക്ടര്‍ക്ക് ഒപ്പം കൊവിഡ് ബാധിതരായ സബ് കലക്ടര്‍ കെ എസ് അഞ്ജുവും അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണു രാജും ഇവിടെ തന്നെയാണ് ചികിത്സയില്‍ തുടരുന്നത്.
മലപ്പുറം: കൊവിഡ് ബാധിതരായിട്ടും കൊവിഡിനെതിരായ പോരാട്ടത്തിലാണ് മലപ്പുറം ജില്ലാ കലക്ടറും സംഘവും. കൊവിഡ് ചികിത്സ കേന്ദ്രത്തിലിരുന്നതാണ് കലക്ടര്‍ കെ ഗോപാലകൃഷ്ണനും സംഘവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ സെന്റിനറി ബ്ലോക്കിലെ ചികിത്സ മുറിയിലിരുന്നാണ് വിശ്രമമില്ലാത്ത പ്രവര്‍ത്തനം.
കലക്ടര്‍ക്കുള്‍പ്പെടെ കൊവിഡ് സ്ഥിരീകരിച്ച ഓഗസ്റ്റ് 14ന് മണിക്കൂറുകള്‍ കൊണ്ടാണ് ഇവിടെയിരുന്ന് ഭരണനിര്‍വഹണം നടത്താനുള്ള സൗകര്യങ്ങള്‍ എല്ലാം ആരോഗ്യവകുപ്പ് ഒരുക്കിയത്. കലക്ടര്‍ക്ക് ഒപ്പം കൊവിഡ് ബാധിതരായ സബ് കലക്ടര്‍ കെ എസ് അഞ്ജുവും അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണു രാജും ഇവിടെ തന്നെയാണ് ചികിത്സയില്‍ തുടരുന്നത്. ഓണ്‍ലൈന്‍ മീറ്റിങ്ങുകളും അവലോകനങ്ങളും അന്വേഷണങ്ങളുമെല്ലാമായി കലക്ടറും സംഘവും ജില്ലയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ തന്നെയുണ്ട്.
ദിവസവും ആറിലധികം മീറ്റിങ്ങുകള്‍ ഓണ്‍ലൈന്‍ വഴി ചേരും. മലപ്പുറം ജില്ലയില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ കാര്യക്ഷമായി നടപ്പാക്കുന്നുണ്ടെന്നും കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു.