മലപ്പുറം ജില്ലയിലെ പോലിസ് നടപടികളില്‍ ദുരൂഹതയെന്ന് ആക്ഷേപം; വ്യാപക പരാതി

Update: 2023-08-11 05:08 GMT

മലപ്പുറം: മലപ്പുറം ജില്ലയിലെ പോലിസ് നടപടികള്‍ പലതും മനുഷ്യത്വരഹിതവും ദുരൂഹതയുണര്‍ത്തുന്നതുമാണെന്ന് വ്യാപക പരാതി. താനൂരില്‍ കഞ്ചാവ് വില്‍പ്പന ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന വിധത്തിലേക്ക് അന്വേഷണം എത്തിനില്‍ക്കുമ്പോഴാണ്, അടുത്ത കാലങ്ങളിലായി ജില്ലയിലെ പല പോലിസ് സ്‌റ്റേഷനുകളിലും സമാനരീതിയിലുള്ള പക്ഷപാതപരമായ നടപടികള്‍ ഉണ്ടായതായി ആക്ഷേപം ഉയരുന്നത്. ജില്ലയുടെ പോലിസ് സൂപ്രണ്ടായി സുജിത് ദാസ് ചുമതലയേറ്റതിനു ശേഷമാണ് ഇത്തരം നടപടികള്‍ വര്‍ധിച്ചതെന്നാണ് ആക്ഷേപം. ജില്ലയിലെ കേസുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടാന്‍ പോലിസ് സൂപ്രണ്ട് എല്ലാ സ്റ്റേഷനിലെയും ചുമതലയുള്ള എസ്എച്ച്ഒമാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും പറയപ്പെടുന്നുണ്ട്. മാത്രമല്ല, ഇക്കഴിഞ്ഞ ജൂലൈ 17ന് മലപ്പുറത്ത് എംഎസ്എഫ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എസ്പിക്കെതിരേ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. നിസ്സാരമായ പ്രതിഷേധ പ്രകടനങ്ങളുടെയും മറ്റും പേരില്‍ കേസെടുക്കുകയും രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരെ പോലും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുകയാണെന്നാണ് എംഎസ്എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ചെറിയ കേസുകളില്‍ പെടുന്നവരെ പോലും റൗഡി ലിസ്റ്റിലും ഗുണ്ടാലിസ്റ്റിലും ചേര്‍ത്ത് കാപ്പ ഉള്‍പ്പെടെ ചുമത്തി നാടുകടത്തുകയാണെന്നും ആക്ഷേപമുണ്ട്. ഇതില്‍ ഭൂരിഭാഗവും തീരദേശ മേഖലകളിലാണെന്നത് പോലിസ് നടപടികളില്‍ സംശയം വര്‍ധിപ്പിക്കുന്നതായാണ് ജില്ലയിലെ സാമൂഹിക പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.

    രാഷ്ട്രീയ തര്‍ക്കങ്ങളിലും മറ്റും എതിര്‍പക്ഷത്തിന്റെ പരാതിയുടെ മറപിടിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ബലത്തില്‍ കാപ്പ ചുമത്തിയ സംഭവങ്ങളില്‍ പലതും ഹൈക്കോടതി തള്ളിക്കളയുകയും കുറ്റാരോപിതരെ മോചിപ്പിക്കുകയും ചെയ്തിരുന്നു. താനൂര്‍, പരപ്പനങ്ങാടി, തിരൂര്‍, പൊന്നാനി സ്‌റ്റേഷന്‍ പരിധികളിലാണ് ഇത്തരം വേട്ടയാടല്‍ വ്യാപകമെന്നാണ് ആരോപണം. വിവിധ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരേ കേസുകള്‍ ചുമത്തി പിഴകള്‍ അടപ്പിക്കുന്ന കാര്യത്തില്‍ എസ്പി ഉള്‍പ്പെടെയുള്ള പോലിസുകാര്‍ വലിയതാല്‍പര്യം കാണിക്കുന്നതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. ജില്ലയിലെ കേസുകളുടെ പെരുപ്പം ഉയര്‍ത്തിക്കാട്ടി ക്രിമിനല്‍വല്‍ക്കരിക്കുകയാണോ ലക്ഷ്യമെന്ന സംശയമാണ് പലരും ഉയര്‍ത്തുന്നത്. പ്രതിഷേധ സമരങ്ങളില്‍ ഓരോ പഞ്ചായത്ത് തലങ്ങളിലും പത്തിലധികം പേരെ പ്രതിയാക്കി കേസ് എടുക്കുമ്പോള്‍ ജില്ലയില്‍ വലിയൊരു സംഖ്യയായി മാറും. മാത്രമല്ല ഇവര്‍ക്കെതിരായ കുറ്റപത്രം അതാത് കോടതികളിലെ മജിസ്‌ട്രേറ്റിന് മുന്നിലെത്താതെ മെഗാ അദാലത്ത് എന്ന പേരില്‍ പിഴചുമത്തി ശിക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ പിഴയടക്കുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നാല്‍ അത് മലപ്പുറം ജില്ല ക്രിമിനലുകളുടെ താവളമാണെന്ന പ്രചാരണത്തിന് വഴിവയ്ക്കും. ഇത്തരമൊരു ദുരുദ്ദേശമാണോ പോലിസുകാര്‍ക്ക് ഉള്ളതെന്നാണ് സംശയമുയരുന്നത്. ഇത്തരത്തില്‍ ചെറിയ പ്രതിഷേധങ്ങള്‍ക്കു പോലും കേസെടുക്കുന്നതില്‍ സംഘപരിവാര സംഘടനകള്‍ ഒഴിച്ച് ഇടതു-വലതു സംഘടനകളും മുസ് ലിം സംഘടനകളും വരെ ഉള്‍പ്പെടുന്നതായാണ് ആരോപണം. ജില്ലയെ കുറിച്ച് ഒരു സര്‍വേ നടത്തിയാല്‍ ഇവിടെയുള്ള ഒട്ടുമിക്ക പേരും ഏതെങ്കിലും ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടവരാണന്നും ക്രിമിനലുകളാണന്നും നിഗമനത്തിലെത്തും. ഇതോടെ, മലപ്പുറം ജില്ലയെ കുറിച്ചുള്ള സംഘപരിവാര പ്രചാരണത്തിന് ശക്തിപകരുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

    നേരത്തേ പ്രകടനക്കേസില്‍ വെറുതെ വിട്ടവരെ പോലും എസ്പിയുടെ ഇഷ്ടക്കാരായ തീരദേശ പോലിസ് സ്‌റ്റേഷനുകളിലെ എസ്എച്ച്ഒമാരെ ഉപയോഗിച്ച് ഇപ്പോഴും വേട്ടയാടുന്നതായും പരാതിയുണ്ട്. പൊതുപ്രവര്‍ത്തകരെ അടക്കം അര്‍ധരാത്രിയിലും മറ്റും വീടുകളിലെത്തി റൗഡി ലിസ്റ്റിന്റെ പേരില്‍ ഫോട്ടോയെടുത്ത് ബുദ്ധിമുട്ടിക്കുന്നതായും പരാതിയുണ്ട്. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായവരെ പകല്‍സമയം വിളിപ്പിക്കുന്നതിന് പകരം രാത്രി വീടുകളിലെത്തി പീഡിപ്പിക്കുന്നത് തീരദേശ പോലിസ് സ്‌റ്റേഷനുകളിലെ വിനോദമായി മാറിയിരിക്കുകയാണ്. ഇത് ചോദ്യം ചെയ്യുമ്പോള്‍ എസ്പിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. താനൂര്‍ കസ്റ്റഡി കൊലപാതകത്തിലും ഇത്തരം പോലിസ് നടപടികള്‍ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയമസഭയില്‍ ഇന്നലെ പ്രതിപക്ഷ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മലപ്പുറം എസ്പിക്കെതിരേയും പോലിസ് നടപടികളിലെ പക്ഷപാതിത്വത്തിനെതിരേയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, മലപ്പുറം എസ്പി സുജിത് ദാസിനെ മാറ്റിനിര്‍ത്താന്‍ പോലും ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല.

Tags:    

Similar News