പേര് കേരളത്തിന്റെ സൈന്യം; തീരത്തിന് പക്ഷെ അവഗണനയുടെ മാറാപ്പ് മാത്രം ബാക്കി
ഹമീദ് പരപ്പനങ്ങാടി
പരപ്പനങ്ങാടി: കാലവര്‍ഷം കുത്തിയൊഴുകി കരയെ വിഴുങ്ങിയപ്പോള്‍ തങ്ങളുടെ വഞ്ചികളും ബോട്ടുകളുമായി രക്ഷകരായി പാഞ്ഞെത്തിയ മത്സ്യ തൊഴിലാളി കേരളത്തിന്റെ സൈന്യമാണന്നാണ് ഭാഷ്യം. പക്ഷെ എന്നും ഇവര്‍ അവഗണനയുടെ മാറാപ്പ് പേറുന്ന നിഷ്‌കളങ്കരായ മനുഷ്യരാണ്. മലപ്പുറം ജില്ലയിലെ വള്ളികുന്ന് പഞ്ചായത്തിലെ ആനങ്ങാടി തെരിയത്ത് മുതല്‍ പൊന്നാനി വെളിയംങ്കോട് വരെ നീണ്ട് നില്‍ക്കുന്ന തീരം അവഗണന പേറാന്‍ തുടങ്ങിയിട്ട് ഏറെയായി.
കടല്‍ ഒന്ന് കലി കയറി ആര്‍ത്തിരമ്പിയാല്‍ എല്ലാം ഒലിച്ച് പോവുന്ന പൊന്നാനി മേഖല കടല്‍ഭിത്തി എന്നത് ഇതുവരെ പൂര്‍ത്തീകരിക്കപെടാത്ത സ്വപ്‌നമാണ്.
തിരത്തിന്റെ ജില്ലയിലെ ഒരറ്റമായ ആനങ്ങാടി, പരപ്പാല്‍ വരെ മത്സ്യ തൊഴിലാളിയുടെ വീടെന്ന സ്വപ്‌നം ഇന്നും, പൊന്നാനിയെപ്പോലെ പൂവണിഞ്ഞിട്ടില്ല.
പലരും പുറംമ്പോക്കിലാണ് താമസം, തീരദേശ ഹൈവെ വന്ന് കഴിഞ്ഞാല്‍ കിടപ്പാടം നഷ്ടപെടുന്ന അവസ്ഥ, പതിറ്റാണ്ടുകളായി പലര്‍ക്കും പട്ടയം ലഭിക്കാത്തതാണ് പ്രധാന കാരണം.
അടിസ്ഥാന സൗകര്യങ്ങള്‍ പോലും അന്യമാണിവിടെ. ആരോഗ്യ മേഖല ഉള്‍പ്പടെ അടിസ്ഥാന ആവശ്യങ്ങളോടെല്ലാം സര്‍ക്കാര്‍ അവഗണ തുടരുന്നു. ആനങ്ങാടി , ചെട്ടിപ്പടി, പരപ്പനങ്ങാടി ഡിസ്പന്‍സറികള്‍, ഹെല്‍ത്ത് സെന്റര്‍ അടക്കം ഉണ്ടങ്കിലും ചികിത്സക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കലാണ്.
ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ പരപ്പനങ്ങാടി ചാപ്പ പടിയിലെ ആശുപത്രി ബ്ലോക്ക് തുറന്ന് കൊടുത്തിട്ടില്ലന്ന് മാത്രമല്ല തുരുമ്പെടുത്ത് അടര്‍ന്ന് വീഴാറായി.
ചെട്ടിപ്പടിയിലെ ഫിഷിംഗ് ഹാര്‍ബര്‍ കടലില്‍ പതിച്ചിട്ട് വര്‍ഷങ്ങളായി, പല ഖബര്‍സ്ഥാനുകളും കടല്‍ ക്ഷോഭിക്കുന്നതോടെ അന്ത്യവിശ്രമം മോഹിച്ച് കുഴിമാടത്തില്‍ കിടക്കുന്നവര്‍ വരെ കടലില്‍ ചെന്ന് പതിക്കുന്നു. മൂന്ന് ഹാര്‍ബറുകള്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചതും, പൂര്‍ത്തീകരിക്കാനുമുണ്ട്. ഉള്ളത് തന്നെ ചളി കുണ്ടുകളായി മാറിയ അവസ്ഥ.
കടല്‍, മത്സ്യം മാത്രമല്ല ഈ പാവം മനുഷ്യര്‍ക്ക് നല്‍കിയത് ദുരിതവും കൂടിയാണ്. വീട്ടിലെ എരിയുന്ന വയറിന്റെ വിളിക്ക് ഉത്തരം നല്‍കാന്‍ പലപ്പോഴും കടല്‍ ക്ഷോഭം വകവെക്കാറില്ല. അങ്ങിനെ മീന്‍ തേടിയുള്ള യാത്രയില്‍ ജീവന്‍ നഷ്ടപെട്ടത് നിരവധി പേര്‍ക്കാണ്. പലപ്പോഴും രക്ഷകരെ തേടി വിളിക്കുന്ന മുറവിളിക്ക് ഔദ്യോഗിക കാലതാമസം കാരണം ഇവര്‍ക്ക് ചില്ലറയൊന്നുമല്ല നഷ്ടം.
മൂന്ന് ഹാര്‍ബറിലായി സുരക്ഷ സംവിധാനമെന്നത് അന്യമാണ്. കടലില്‍ രക്ഷകരായി എത്തേണ്ട രക്ഷാബോട്ട് ജില്ലയില്‍ പൊന്നാനിയില്‍ വാടകക്ക് കൊണ്ട് വന്നത് വര്‍ഷങ്ങള്‍ക്ക് മുന്നെയാണ്. അതിപ്പോള്‍ വാടക സര്‍ക്കാര്‍ നല്‍കുന്നുണ്ടാവുമെങ്കിലും കട്ടപ്പുറത്താണ് .
താനൂരില്‍ രക്ഷാബോട്ടു പാസ്സായി എന്നു കേള്‍ക്കുന്നു. പക്ഷെ അതിലുമുണ്ട് രാഷ്ട്രീയ കൈകടത്തല്‍. ബോട്ട് ജീവനക്കാര്‍ ഭരണകക്ഷിയില്‍ പെട്ടവനാണന്ന തിട്ടൂരം വന്നിട്ടുണ്ടത്രെ. ട്രൈനര്‍മാര്‍ വേണമെന്നിരിക്കെ രക്ഷകരായി ഒരു കഴിവുമില്ലാത്തവരെ നിയോഗിക്കുന്നതോടെ അതിന്റെ കാര്യവും തീരുമാനമാവും.
കടലില്‍ അപകടത്തില്‍ പെടുമ്പോള്‍ ജില്ലയിലെ തീരം ബേപ്പൂരിനേയും, കൊച്ചിയേയുമാണ് ആശ്രയിക്കാര്‍ പലപ്പോഴും , ബേപ്പൂരില്‍ ആളില്ലന്ന സ്ഥിരം പല്ലവി, കൊച്ചിയില്‍ നിന്ന് രക്ഷകരെത്തുമ്പോഴെക്കും ചലനമറ്റ ശരീരമാണ് ബാക്കിയാവുക.
.
ഇന്ധന വിലയാണ് മല്‍സ്യതൊഴിലാളികളുടെ മറ്റൊരു ഭീഷണി. തമിഴ് നാട്ടില്‍ 20 രൂപക്ക് മത്സ്യബന്ധനത്തിന് ഇന്ധനം ലഭ്യമാവുമ്പോള്‍ ഇവിടെ പതിമടങ്ങ് വിലയാണ്. കാലവര്‍ഷം കനത്താല്‍ കുടിവെള്ളം പോലും കിട്ടാകനിയാണ് പരപ്പനങ്ങാടിയിലും മറ്റും.
രാഷ്ട്രീയ മേലാളന്‍മാര്‍ക്ക് അവരുടെ കൊടികള്‍ ഉറപ്പിക്കാന്‍ ജില്ലയില്‍ നിരവധി കടലിന്റെ മക്കളെയാണ് ഇല്ലാതാക്കിയത്. ഒരുപക്ഷെ, അത് കേരളത്തില്‍ തന്നെ വലിയ എണ്ണമാവും.
മാത്രവുമല്ല രാഷ്ട്രീയ സംഘര്‍ഷത്താല്‍ വീടും , മത്സ്യ ഉപാദികളും തകര്‍ത്തത് ലക്ഷങ്ങളുടെ കണക്കുകളില്‍ ഒതുങ്ങുന്നു .
പലര്‍ക്കും സ്വയം നഷ്ടമായി സഹിക്കേണ്ടി വന്നു.
കടല്‍ ക്ഷോഭം മൂലം വീട് തകര്‍ന്നത് നിരവധി പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം വരെ വീട് നഷ്ടപെട്ടവര്‍ പീടിക തിണ്ണയിലായിരുന്നുവെന്നതും ഗൗരവമുള്ളതാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റും ഇവരുടെ വേധന കാണാനുള്ള കാഴ്ച നഷ്ടപെട്ടിട്ട് വര്‍ഷങ്ങളായി. കടല്‍ കലിതുള്ളുമ്പോള്‍ ഒരു സന്ദര്‍ശനം , അല്ലങ്കില്‍ ഒരു പ്രാര്‍ത്ഥന കഴിഞ്ഞു അവരുടെ പ്രവര്‍ത്തനം.Malappuram district's coastal zone neglected by the government
തീരദേശ മേഖല വിവിധ വകുപ്പുകളുടെ കീഴിലാണ്. ഹാര്‍ബര്‍ നിര്‍മ്മാണം ഇറിഗേഷനും കേന്ദ്ര കൃഷി വകുപ്പിന്റെ കീഴിലാണ്. അവിടുയുമുണ്ട് അവഗണന.
ഹാര്‍ബര്‍ കേന്ദ്രീകരിച്ച് സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാനും , ഇന്ധന സബ്‌സിഡി പുനസ്ഥാപിക്കാനും , ആഞ്ഞടിക്കുന്ന കടലിനെ തടഞ്ഞ് നിര്‍ത്താന്‍ കടല്‍ ഭിത്തികള്‍ സ്ഥാപിക്കലും, അടിസ്ഥാന സൗകര്യങ്ങളും ഇതെങ്കിലും നല്‍കാന്‍ ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ജില്ലയിലെ പ്രതിനിധി കൂടിയായ മന്ത്രിക്ക് കഴിയുമെങ്കില്‍ അതായിരിക്കും ഈ പാവങ്ങളോട് ചെയ്യുന്ന ഔദാര്യം.