വര്‍ഗീയ കവിതയുമായി യുഎഇയിലെ മലയാളി വ്യവസായി; പ്രതിഷേധം കനത്തപ്പോള്‍ മാപ്പുപറഞ്ഞ് തടിയൂരാന്‍ ശ്രമം
ഫേസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ കവിത ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. താനല്ല, ഗ്രാഫിക്‌സ് വരച്ചയാള്‍ക്ക് പറ്റിയ വീഴ്ചയാണെന്നും ആര്‍ക്കെങ്കിലും വേദന തോന്നിയെങ്കില്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മാപ്പ് പറയുന്നു എന്നുമാണ് ഫേസ്ബുക്ക് ലൈവില്‍ സോഹന്‍ പറഞ്ഞത്.
ദുബയ്: വര്‍ഗീയ വിദ്വേഷം വമിക്കുന്ന കവിത ഗ്രാഫിക്‌സ് ചിത്രം സഹിതം പ്രചരിപ്പിച്ച് യുഎഇയിലെ മലയാളി വ്യവസായി. കൊവിഡ് പരത്തുന്നത് മതവിശ്വാസികളാണെന്ന ആക്ഷേപവുമായി ഏരീസ് ഗ്രൂപ്പ് മേധാവിയും സിനിമാ സംവിധായകനുമായ സോഹന്‍ റോയ് ആണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത്.
രണ്ടര വര്‍ഷമായി അണുകവിത എന്ന പേരില്‍ സോഹന്‍ എഴുതിവരുന്ന കവിതാ പരമ്പരയാണ് കൊവിഡ് കാലത്ത് വര്‍ഗീയതയും വംശീയതയും പരത്തുന്ന കുറിപ്പുകളായി അധപതിച്ചത്.
നിസാമുദ്ദീന്‍, കൊവിഡ്, നിസാമുദ്ദീന്‍ കൊറോണ കേസസ് തുടങ്ങിയ ഹാഷ്ടാഗുകള്‍ സഹിതം പോസ്റ്റ് ചെയ്ത കവിതയില്‍ പള്ളിയില്‍ നിന്ന് വരുന്ന മുസ്‌ലിംകളുടെ ഗ്രാഫിക് ചിത്രമാണ് ചേര്‍ത്തിരിക്കുന്നത്.
മതഭാഷിയുടെ നിര്‍ദേശാനുസരണം അണുക്കള്‍ നാട്ടില്‍ പരത്തുകയാണ് എന്ന് കവിത കുറ്റപ്പെടുത്തുന്നു. മറ്റുകവിതകളെല്ലാം ഫേസ്ബുക്ക് വഴി പങ്കുവെച്ചപ്പോള്‍ മതവിശ്വാസികള്‍ കൊവിഡ് പരത്തുന്നു എന്നാക്ഷേപിക്കുന്ന കവിത സംഘ്പരിവാര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ മുഖേനെയാണ് വ്യാപകമായി ഷെയര്‍ ചെയ്തത്. വര്‍ഗീയ വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ക്കെതിരെ യുഎഇ കര്‍ശന നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലും യൂട്യൂബിലും കവിത മറച്ചുവെച്ചിട്ടുണ്ടെങ്കിലും ട്വിറ്ററില്‍ കവിത ശനിയാഴ്ച ഉച്ച വരെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം കനത്തതോടെ ഡിലീറ്റ് ചെയ്ത് ഫേസ്ബുക്കില്‍ മാപ്പു പറഞ്ഞ് തടിതപ്പാനാണ് ഇയാളുടെ ശ്രമം.
ഫേസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ കവിത ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. താനല്ല, ഗ്രാഫിക്‌സ് വരച്ചയാള്‍ക്ക് പറ്റിയ വീഴ്ചയാണെന്നും ആര്‍ക്കെങ്കിലും വേദന തോന്നിയെങ്കില്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മാപ്പ് പറയുന്നു എന്നുമാണ് ഫേസ്ബുക്ക് ലൈവില്‍ സോഹന്‍ പറഞ്ഞത്.
ഡാം എന്ന സിനിമയുടെ നിര്‍മാതാവും സംവിധായകനുമായ ഇദ്ദേഹം വര്‍ഷങ്ങളായി യുഎഇ കേന്ദ്രീകരിച്ച് വ്യവസായങ്ങള്‍ നടത്തിവരികയാണ്. അതിഥി തൊഴിലാളികള്‍ക്ക് കേരളം ഒരുക്കിക്കൊടുക്കുന്ന സൗകര്യങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചും മുഖ്യമന്ത്രിയുടെ ശമ്പള ചലഞ്ചിനെ പരിഹസിച്ചും കവിതകളുണ്ട്. ഒരു ഇന്ത്യന്‍ രൂപ ഒരു ഡോളറിന് തുല്യമാക്കുമെന്ന സുബ്രഹ്മണ്യ സ്വാമിയുടെ ആശയത്തിന്റെ പ്രചാരകനുമാണിയാള്‍.
സമൂഹമാധ്യമങ്ങളിലൂടെ വെറുപ്പ് പരത്തുന്ന ഇന്ത്യന്‍ വര്‍ഗീയവാദികളുടെ പോസ്റ്റുകള്‍ കൊറോണക്കാലത്തും വ്യാപകമാണ്. മുന്‍കാലങ്ങളില്‍ ഇത്തരം പോസ്റ്റുകളോട് കാര്യമായി പ്രതിഷേധിക്കാനോ പ്രതികരിക്കാനോ കൂട്ടാക്കാതെയിരുന്ന അറബ് ലോകത്തെ പൗരസമൂഹം ഈയിടെയായി ഗുരുതരമായാണ് ഈ നിലപാടുകളെ കാണുന്നത്.