മുഹമ്മദ് ഫാസില്‍ കൊലക്കേസ്: ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പിടിയിലായവരില്‍ നേപ്പാള്‍ സ്വദേശിയും

Update: 2022-08-02 14:15 GMT

മംഗളൂരു: സൂറത്കലില്‍ ഫാസിലിനെ കൊലപ്പെടുത്തിയ കേസില്‍ നേപ്പാള്‍ സ്വദേശി ഉള്‍പ്പടെ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ ബജ്‌പെ സ്വദേശി സുഹാസ്(29), കാട്ടിപ്പള്ള സ്വദേശികളായ മോഹന്‍ എന്ന മോഹന്‍ സിങ്(26), ഗിരിധര്‍ (23), അഭിഷേക് (23), ദീക്ഷിത് (21), ശ്രീനിവാസ് (26) എന്നിവരാണ് ചൊവ്വാഴ്ച്ച അറസ്റ്റിലായത്. കൊലയാളികള്‍ക്ക് കാറ് കൈമാറിയ അജിത് ക്രാസ്റ്റ നേരത്തെ അറസ്റ്റിലായിരുന്നു.

ജൂലായ് 28ന് രാത്രിയാണ് സൂറത്കലില്‍ വെച്ച് മംഗലപേട്ട് സ്വദേശിയായ ഫാസില്‍ വെട്ടേറ്റ് മരിച്ചത്. എച്ച്പിസിഎല്‍ ബുള്ളറ്റ് ടാങ്കറിന്റെ പാര്‍ട്ട് ടൈം ക്ലീനറായി ജോലി ചെയ്യുകയായിരുന്നു ഫാസില്‍. കാറിലെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഫാസിലിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകുമായി ബന്ധപ്പെട്ട് 50 ഓളം പേരെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി സിറ്റി പോലിസ് കമ്മീഷണര്‍ ശശി കുമാര്‍ പറഞ്ഞു.

'ജൂലൈ 26 ന്, ബാജ്‌പെയില്‍ നിന്നുള്ള പ്രതി സുഹാസ് ഷെട്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആദ്യം അഭിഷേകുമായി ചര്‍ച്ച നടത്തി. കൊല്ലാന്‍ കാറും ആയുധവും വേണമെന്നതിനെ കുറിച്ച് സുഹാസും അഭിഷേകും ഗിരിധറും ഒരു ഹോട്ടലില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് മോഹന്‍ തന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു'. കമ്മീഷണര്‍ പറഞ്ഞു.

'ജൂലൈ 27 ന് അജിത് ക്രാസ്റ്റയില്‍ നിന്ന് പ്രതികള്‍ കാറ് വാടകക്കെടുത്തത്. തങ്ങളുടെ പദ്ധതി വിജയിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ 15,000 രൂപ അജിത്തിന് നല്‍കാമെന്ന ഉറപ്പിലാണ് കാറ് കൊണ്ടുപോയത്.

'അന്നുതന്നെ സുഹാസ് കാവൂരിലെ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു. ജൂലൈ 28 ന് സുഹാസ് ആയുധങ്ങളുമായി ബണ്ട്വാളിലെ കരിഞ്ചേശ്വര് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു, മറ്റ് മൂന്ന് പ്രതികള്‍ മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. കോടതിക്ക് സമീപം അവര്‍ ചര്‍ച്ച നടത്തി, അവിടെ നടത്തിയ ഗൂഢാലോചനയിലാണ് ഫാസിലിന്റെ പേര് അന്തിമമായി നിശ്ചയിച്ചത്.

തുടര്‍ന്ന് പ്രതികള്‍ സൂറത്ത്കല്ലിലെ ഒരു കാന്റീനില്‍ പോയി ചര്‍ച്ച നടത്തി. കിന്നിഗോളിയിലെ ഒരു ബാറില്‍ അവര്‍ ഉച്ചഭക്ഷണം കഴിച്ചു. ഇവരില്‍ രണ്ടുപേര്‍ ഫാസിലിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു.

'സുഹാസ്, മോഹന്‍, അഭിഷേക് എന്നിവരാണ് ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. ഗിരിധറാണ് കാര്‍ ഓടിച്ചത്. ദീക്ഷിതിനെ കാറില്‍ ഇരുത്തി, കൊലപാതക സമയത്ത് ഓടിക്കൂടിയ നാട്ടുകാരെ മാരകായുധം വീശി വിരട്ടിയോടിച്ചത് ശ്രീനിവാസാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ആറ് പ്രതികളും പിന്നീട് പലിമാറിലേക്ക് രക്ഷപ്പെട്ടു. ഇവര്‍ കാര്‍ ഉപേക്ഷിച്ച് മറ്റൊരു കാറില്‍ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഉദ്യാവരില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വാങ്ങും.

കൊലയില്‍ പങ്കെടുത്തവരെല്ലാം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. 'സുഹാസിന് 4 കേസുകളിലും മോഹന്‍ 2 കേസുകളിലും ഗിരിധറിന് 2 കേസുകളും അഭിഷേകിന് 2 കേസുകളും ശ്രീനിവാസ് 4 കേസുകളും ദീക്ഷിതിന്റെ പേരില്‍ 3 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുഹാസും അഭിഷേകും മോഹനും ഗുണ്ടാ ലിസ്റ്റിലുള്ളവരാണ്.

'14 ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം, കൊലപാതകത്തിന് പിന്നിലെ കാരണവും ഫാസിലിനെ ലക്ഷ്യം വച്ചതിന്റെ കാരണവും ഞങ്ങള്‍ കണ്ടെത്തും. കുറ്റവാളികളെ കണ്ടെത്താന്‍ ഞങ്ങള്‍ 7 മുതല്‍ 8 വരെ ടീമുകളെ രൂപീകരിച്ചിരുന്നു.

'കൊലപാതകത്തിന് ഉപയോഗിച്ച ഇയോണ്‍ കാര്‍ പടുബിദ്രിയില്‍ നിന്ന് കണ്ടെത്തി, കാറിന്റെ ഉടമ അജിത് ക്രാസ്റ്റയെ (34) കസ്റ്റഡിയിലെടുത്തു. ഞങ്ങള്‍ക്ക് കാറുടമ അജിത്തില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. ആസൂത്രിതമായ കുറ്റകൃത്യത്തെക്കുറിച്ച് അദ്ദേഹത്തിന് ചില വിവരങ്ങള്‍ ഉണ്ടായിരുന്നു'. പോലിസ് കമ്മീഷണര്‍ അറിയിച്ചു. കൊലപാതകത്തിന് പിന്നില്‍ പ്രണയബന്ധമോ മറ്റു സംഘര്‍ഷമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആര്‍എസ്എസ് ആസൂത്രണം ചെയ്ത കൊലയായിട്ടും അറസ്റ്റിലായ പ്രതികളുടെ സംഘപരിവാര ബന്ധം പുറത്തുവിടാത്ത പോലിസിനെതിരേയും മാധ്യമങ്ങള്‍ക്കെതിരേയും വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ഫാസില്‍ വധത്തില്‍ പോലിസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന നുണപ്രചാരണത്തിനെതിരേ വിമര്‍ശനവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് രംഗത്തുവന്നു. ഫാസില്‍ വധത്തിന് പിന്നില്‍ പ്രണയ പ്രശ്‌നവും സാമ്പത്തിക വൈരാഗ്യവുമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മാധ്യമങ്ങള്‍ ആദ്യം ശ്രമിച്ചത്. ഇപ്പോള്‍ ആര്‍എസ്എസ് അനുഭാവികള്‍ അറസ്റ്റിലാവുമ്പോള്‍ മാധ്യമങ്ങള്‍ അതിനെ 'ഗുണ്ടാ കുറ്റകൃത്യം' എന്ന് വിളിക്കുന്നു. ആര്‍എസ്എസ് ബന്ധം ഏതുവിധേനയും മറച്ചുവക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ക്ക് കുറച്ചെങ്കിലും മാന്യത വേണമെന്നും അനീസ് അഹമ്മദ് ട്വിറ്ററില്‍ കുറ്റപ്പെടുത്തി.

Tags:    

Similar News