മാങ്കോട് രാധാകൃഷ്ണന്‍ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി
സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും സര്‍ക്കാരിനും എതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങള്‍ ഇടതു ആശയങ്ങള്‍ക്ക് വിരുദ്ധമാകുന്നെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
![മാങ്കോട് രാധാകൃഷ്ണന്‍ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി](https://www.thejasnews.com/h-upload/2022/07/25/1500x900_198031-whatsapp-image-2022-07-25-at-63106-am.jpeg)
തിരുവനന്തപുരം: മാങ്കോട് രാധാകൃഷ്ണനെ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. നെടുമങ്ങാട് സമാപിച്ച ജില്ലാ സമ്മേളനമാണ് മാങ്കോട് രാധാകൃഷ്ണനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറി ആയിരുന്ന ജി ആര്‍ അനില്‍ മന്ത്രിസഭയില്‍ അംഗമായപ്പോള്‍, മാങ്കോട് രാധാകൃഷ്ണന് ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കിയിരുന്നു. 2001 മുതല്‍ 2011 വരെ നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു.
54 പൂര്‍ണ അംഗങ്ങളും 5 കാന്‍ഡിഡേറ്റ് അംഗങ്ങളും ഉള്‍പ്പടെ 59 അംഗ ജില്ലാ കൗണ്‍സിലിനേയും 58 സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തിരഞ്ഞെടുത്തു.
സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും സര്‍ക്കാരിനും എതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങള്‍ ഇടതു ആശയങ്ങള്‍ക്ക് വിരുദ്ധമാകുന്നെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിനെ 'പിണറായി സര്‍ക്കാര്‍' എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. ഇത് മുന്‍ ഇടതു സര്‍ക്കാരുകളുടെ കാലത്ത് കാണാത്ത രീതിയാണ്. എല്‍ഡിഎഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സിപിഐക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും പൊതു ചര്‍ച്ചയില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ആഭ്യന്തര വകുപ്പിനെതിരെയും ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. പോലിസിനെ നിലയ്ക്ക് നിര്‍ത്തണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം മണ്ഡലം തിരിച്ചുപിടിക്കാന്‍ നേതൃത്വം ഇടപെടണം. സിപിഎം വിട്ടുവരുന്നവര്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ പരിഗണന നല്‍കണം. മെച്ചപ്പെട്ട പരിഗണന ലഭിച്ചാല്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് വരുമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
എംഎം മണി ആനി രാജയെ വിമര്‍ശിച്ചപ്പോള്‍ കാനം രാജേന്ദ്രന്‍ തിരുത്തല്‍ ശക്തിയായില്ലെന്നായിരുന്നു മറ്റൊരു വിമര്‍ശനം. പോലിസില്‍ ആര്‍എസ്എസ് കടന്നുകയറ്റമുണ്ടെന്ന് ആനി രാജ പറഞ്ഞപ്പോള്‍ പാര്‍ട്ടി നേതൃത്വം ഒറ്റപ്പെടുത്തിയെന്നും വിമര്‍ശനമുയര്‍ന്നു.
42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുപക്ഷത്തിന്റെ മുഖമല്ല. അച്യുതമേനോനും നായനാര്‍ക്കും വിഎസിനും ഇല്ലാത്ത ആര്‍ഭാടമാണ് പിണറായി വിജയന്. എന്തിന് കെ കരുണാകരന് പോലും ഇത്രയും അകടമ്പടി ഉണ്ടായിരുന്നില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. വലിയ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്ന പദ്ധതിയായിട്ട് പോലും സില്‍വര്‍ ലൈനില്‍ സിപിഐ നിലപാട് മയപ്പെടുത്തി. ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പോലും സിപിഐ നേതൃത്വവും മന്ത്രിമാരും നിലപാടെടുക്കുന്നില്ല. കെഎസ്ഇബിയേയും കെഎസ്ആര്‍ടിസിയേയും സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തിയിരുന്നു.
സിപിഐ സംസ്ഥാന സമ്മേളനത്തിനോട് മുന്നോടിയായുള്ള ആദ്യ ജില്ലാ സമ്മേളനമാണ് തിരുവനന്തപുരം ജില്ലയുടേത്. സംസ്ഥാന നേതൃത്വത്തെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്ന രാഷ്ട്രീയ ചർച്ചകളാണ് പ്രതിനിധി സമ്മേളനത്തിൽ ഉയർന്നത്. കാനം രാജേന്ദ്രന്റെ ഏകപക്ഷീയ നിലപാടുകളെ പ്രതിനിധികൾ ശക്തിയുക്തം എതിർക്കുന്ന കാഴ്ച്ചയാണ് തിരുവനന്തപുരത്ത് നടന്നത്.