പോപ്പിതോട്ടം നശിപ്പിക്കാന്‍ പോയ പോലിസ് സംഘത്തിന്റെ തോക്കുകള്‍ തട്ടിയെടുത്തു
ഇംഫാല്‍: മണിപ്പൂരില്‍ പോപ്പിതോട്ടം നശിപ്പിക്കാന്‍ പോയ പോലിസുകാര്‍ സായുധരായ കാവല്‍ക്കാരെ കണ്ട് മടങ്ങിയെന്ന് റിപോര്‍ട്ട്. കാങ്‌പോക്പി ജില്ലയിലെ ഉള്‍ക്കാട്ടിലാണ് സംഭവം. അത്യാധുനിക റൈഫിളുകളുമായി തോട്ടത്തിന് കാവല്‍ നിന്ന 90ഓളം പേരെ കണ്ടാണ് പോലിസ് സംഘം മടങ്ങിയതെന്ന് എഫ്‌ഐആര്‍ പറയുന്നു.
കാട്ടിലൂടെ മൂന്നു മണിക്കൂര്‍ നടന്നാണ് പോലിസ് സംഘം തോട്ടത്തിന് സമീപത്ത് എത്തിയത്. ലിയാങ്മായ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള 25 പോലിസുകാരും ഡ്രൈവര്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. അത്യാധുനിക റൈഫിളുകളും എകെ 47 തോക്കുകളുമായി പോയ സംഘത്തെ സായുധരായ തോട്ടം കാവല്‍ക്കാര്‍ ചോദ്യം ചെയ്തു. കൂടാതെ പോലിസ് സംഘത്തിന്റെ ഏതാനും ആയുധങ്ങളും സംഘം പിടിച്ചെടുത്തു. കൂടുതല്‍ പോലിസിന് എത്തിപ്പെടാന്‍ സാധിക്കാത്ത പ്രദേശമായതിനാല്‍ പോലിസ് സംഘം തോല്‍വി സമ്മതിച്ച് തോട്ടം നശിപ്പിക്കാതെ തിരികെ പോവുകയായിരുന്നു.
പോപ്പി തോട്ടങ്ങള്‍ നശിപ്പിക്കാന്‍ നിരവധി തവണ ശ്രമിച്ചിട്ടും വിജയിച്ചിട്ടില്ലെന്നാണ് പോലിസ് പറയുന്നത്. എസ് ടി താങ്‌ബോയ് കിപ്‌ഗെന്‍ നേതൃത്വം നല്‍കുന്ന കുക്കി നാഷണല്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രമാണ് ഈ പ്രദേശമെന്നാണ് മെയ്‌തെയ് വിഭാഗക്കാര്‍ പറയുന്നത്.