മണിപ്പൂരില്‍ മുസ്‌ലിം യുവാവിനെ കെട്ടിയിട്ട് പന്നി മാംസം തീറ്റിച്ച് അരംബായ് തെംഗോല്‍

മെയ്‌തെയ് സ്ത്രീകളെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കണമെന്ന് പള്ളികളിലെ ഇമാമുമാര്‍ ഉപദേശിക്കാറുണ്ടെന്ന് പ്രസ്താവനയിറക്കണമെന്നും ക്രിമിനലുകള്‍ അഖ്തറിനോട് ആവശ്യപ്പെട്ടു.

Update: 2025-01-09 13:39 GMT

ഇംഫാല്‍: മുസ്‌ലിം യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് പന്നി മാംസം തീറ്റിച്ച് മെയ്‌തെയ് സംഘടനയായ അരംബായ് തെംഗോല്‍. ക്വാക്ത പ്രദേശത്തെ കമല്‍ ഹാസന്‍ എന്നയാളുടെ മകനായ 18കാരനായ തംപകമയും അഖ്തറിനെയാണ് സായുധ സംഘടനയായ അരംബായ് തെംഗോലിന്റെ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കോളജിലെ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അഖ്തറിനെ ഫോണില്‍ വിളിച്ചുവരുത്തിയ ശേഷമാണ് അരംബായ് തെംഗോള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അരംബായ് തെംഗോല്‍ നേതാക്കള്‍ തന്നെ കെട്ടിയിട്ട് ആക്രമിച്ചെന്നും പന്നി മാംസം തീറ്റിച്ചെന്നും അഖ്തര്‍ പറഞ്ഞു. സംഘടനയുടെ നേതാവായ കൊരോഗാന്‍ബ ഖുമന്‍ എന്നയാള്‍ അഖ്തറിന്റെ കൈയ്യില്‍ ആണിയടിച്ചു കയറ്റുകയും ചെയ്തു. മെയ്‌തെയ് സ്ത്രീകളെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കണമെന്ന് പള്ളികളിലെ ഇമാമുമാര്‍ ഉപദേശിക്കാറുണ്ടെന്ന് പ്രസ്താവനയിറക്കണമെന്നും ക്രിമിനലുകള്‍ അഖ്തറിനോട് ആവശ്യപ്പെട്ടു.


കൊരോഗാന്‍ബ ഖുമന്‍

സംഭവത്തില്‍ നടപടി വേണമെന്ന് അഞ്ചുമാന്‍ ഇസ്‌ലാഇ മുശ്‌റ, ക്വാക്ത ജാമിഅ് ഉലമ, ഓള്‍ ക്വാക്ത കോര്‍ഡിനേറ്റിങ് കമ്മിറ്റി, ആള്‍ മെയ്‌തെയ് പന്ഗല്‍ യൂത്ത് അസോസിയേഷന്‍, ആള്‍ ക്വാക്ത യൂത്ത് വളണ്ടറി ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെട്ടു. ആള്‍ മണിപ്പൂര്‍ മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ആക്രമണത്തെ അപലപിച്ചു. ഇരുസമുദായങ്ങളും തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ അരംബായ് തെംഗോല്‍ ശ്രമിക്കുകയാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

2011ലെ സെന്‍സസ് പ്രകാരം മണിപ്പൂരിലെ ജനസംഖ്യയുടെ 8.4 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. മണിപ്പൂര്‍ ജനസംഖ്യയിലെ 43.82 ശതമാനവും ഇംഫാല്‍ താഴ്‌വരയില്‍ ജീവിക്കുന്ന മെയ്‌തെയ് വിഭാഗക്കാരാണ്. നാഗ ആദിവാസികള്‍ 23.59 ശതമാനവും കുക്കി-മിസോ വിഭാഗങ്ങള്‍ 15.69 ശതമാനവും വരും. മെയ്‌തെയ്കളില്‍ ഭൂരിപക്ഷവും സനമഹിസം എന്ന ബഹുദൈവ മതവിശ്വാസികളാണ്. കുക്കികളില്‍ ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികളാണ്. ഇപ്പോള്‍ മണിപ്പൂരില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ക്രിസ്ത്യാനികളായ കുക്കികളെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കുന്ന മെയ്‌തെയ് വിഭാഗക്കാര്‍ രൂപീകരിച്ച അരംബായ് തെംഗോലാണ്. മുസ്‌ലിംകള്‍ക്കെതിരേ മെയ്‌തെയ് വിഭാഗക്കാര്‍ നടത്തുന്ന അതിക്രമങ്ങളെ തുടര്‍ന്ന് 1993ല്‍ മുസ്‌ലിംകളിലെ ചില വിഭാഗങ്ങള്‍ പീപ്പിള്‍സ് യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് എന്ന സായുധസംഘടന രൂപീകരിച്ചിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.


Full View

Tags:    

Similar News