വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; മണിപ്പൂരിലെ ലിലോംഗില്‍ കര്‍ഫ്യൂ തുടരുന്നു

Update: 2025-04-08 04:45 GMT
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; മണിപ്പൂരിലെ ലിലോംഗില്‍ കര്‍ഫ്യൂ തുടരുന്നു

ഇംഫാല്‍: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടന്ന മണിപ്പൂരിലെ ലിലോംഗില്‍ കര്‍ഫ്യൂ തുടരുന്നു. ബിജെപി നേതാവും ന്യൂനപക്ഷ മോര്‍ച്ച നേതാവുമായ അസ്‌കര്‍ അലിയുടെ വീടിന് കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. 7000-8000 പ്രതിഷേധക്കാരാണ് ഇയാളുടെ വീട് ആക്രമിച്ചതെന്ന് തൗബാല്‍ ജില്ലാ മജിസ്‌ട്രേറ്റ് എ സുഭാഷ് സിങ് പറഞ്ഞു. സ്വന്തം വീട് പോയതോടെ, അസ്‌കര്‍ അലി വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മണിപ്പൂരില്‍ ഇനിയും പ്രതിഷേധം കനക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍, മുസ്‌ലിംകള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു.

മണിപ്പൂരിലെ ജനസംഖ്യയില്‍ 10 ശതമാനത്തില്‍ താഴെയാണ് മെയ്‌തെയ് പാംഗല്‍ എന്ന് അറിയപ്പെടുന്ന മണിപ്പൂരി മുസ്‌ലിംകളുടെ എണ്ണം. പതിനേഴാം നൂറ്റാണ്ടിലെ മെയ്‌തെയ് രാജകുമാരനായിരുന്ന സനോങ്ബ, തന്റെ സഹോദരനായ ഖഗേമ്പ രാജാവിനെ തോല്‍പ്പിക്കാനാണ് മണിപ്പൂരിലേക്ക് മുസ്‌ലിംകളെ കൊണ്ടുവരുന്നത്. ഖഗേമ്പയെ തോല്‍പ്പിക്കാന്‍ കച്ചാരി രാജാവായിരുന്ന ദിമാഷ പ്രതാഫിലിന്റെ സഹായം പോരാതെ വരുമെന്ന് തോന്നിയതിനാല്‍ തരഫിലെ നവാബായിരുന്ന മുഹമ്മദ് നാസിറിനോട് ആയിരം സൈനികരെ ആവശ്യപ്പെടുകയായിരുന്നു. മുഹമ്മദ് സാനി എന്ന കമാന്‍ഡറുടെ നേത്വത്തിലാണ് മുസ്‌ലിം സൈനികര്‍ എത്തിയത്. എന്നാല്‍, യുദ്ധത്തില്‍ പരാജയപ്പെട്ടു.

മുസ്‌ലിം സൈനികരുടെ ധീരത കണ്ട രാജാവ് അവരോട് ഇംഫാല്‍ താഴ്‌വരയില്‍ താമസിക്കാന്‍ നിര്‍ദേശിച്ചു. പിന്നീട് ബര്‍മയില്‍ നിന്നുള്ള സൈന്യം ആക്രമിക്കാന്‍ വന്നപ്പോള്‍ മുസ്‌ലിം സൈനികര്‍ ഖഗേമ്പക്കൊപ്പം പോരാടി. ഈ യുദ്ധത്തില്‍ ഖഗേമ്പ വന്‍വിജയം നേടി. അതിന് ശേഷമാണ് മുസ്‌ലിംകളെ പാംഗല്‍ എന്നു വിളിക്കാന്‍ തുടങ്ങിയത്. പാംഗല്‍ എന്നാല്‍ ശക്തര്‍ എന്നാണ് അര്‍ത്ഥം. പിന്നീട് മെയ്‌തെയ് ഭാഷ ഉപയോഗിക്കാന്‍ തുടങ്ങിയ മുസ്‌ലിംകള്‍ മെയ്‌തെയ് പാംഗലുകള്‍ എന്നറിയപ്പെടാന്‍ തുടങ്ങി. ബര്‍മയില്‍ നിന്നും തുടര്‍ച്ചയായുണ്ടായ ആക്രമണങ്ങളെയും ബ്രിട്ടീഷ് സൈന്യത്തിന്റെ ആക്രമണങ്ങളെയും ഇവര്‍ പ്രതിരോധിച്ചു.

എന്നാല്‍, 1993ല്‍ ഹിന്ദു മെയ്‌തെയുകളുമായി സംഘര്‍ഷമുണ്ടായി. മെയ്‌തെയ് ഗറില്ലകള്‍ 1993 മേയ് മൂന്നിന് ലിലോംഗിലെ ചില മുസ്‌ലിം പ്രദേശങ്ങളില്‍ നടത്തിയ ആക്രമണമാണ് ഇതിന് കാരണമായത്. നൂറില്‍ അധികം പേരാണ് ഈ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് ശേഷം മെയ്‌തെയ് പാംഗലുകളെ സര്‍ക്കാര്‍ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി. കൂടാതെ സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും നാലു ശതമാനം സംവരണവും നല്‍കി.

നിലവില്‍ തൗബാല്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ബിഷ്ണുപൂര്‍ എന്നിവിടങ്ങളിലാണ് മുസ്‌ലിംകള്‍ കൂടുതലുള്ളത്. സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യയിലെ പകുതിയോളം ഉള്ളത് തൗബാലിലാണ്. ഹിന്ദു മെയ്‌തെയ് വിഭാഗക്കാരും കുക്കികളും തമ്മിലുള്ള സംഘര്‍ഷത്തിനിടെ 2023 ആഗസ്റ്റില്‍ മൂന്നു മെയ്‌തെയ് പാംഗലുകള്‍ കൊല്ലപ്പെട്ടിരുന്നു. എന്നിട്ടും അവര്‍ സംഘര്‍ഷത്തില്‍ പങ്കെടുത്തില്ല.

Similar News