മണിപ്പൂര്‍ കലാപത്തിന് ഉത്തരവാദി അസം റൈഫിള്‍സെന്ന് ലേഖനം; മെയ്‌തെയ് നേതാവിനെതിരേ രാജ്യദ്രോഹക്കുറ്റം
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തിന് ഉത്തരവാദി അസം റൈഫിള്‍സ് യൂനിറ്റാണെന്ന് ആരോപിച്ച ലേഖനമെഴുതിയ പ്രാദേശിക മെയ്‌തെയ് രാഷ്ട്രീയ നേതാവിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. അസം റൈഫിള്‍സ് സൗത്ത് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐജിയുടെ പരാതിയിലാണ് ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് എന്ന മെയ്‌തേയ് സംഘടനയുടെ ഉപദേഷ്ടാവ് ജഗത് തൗദമിനെതിരെയാണ് കേസെടുത്തത്. ഇംഫാല്‍ വെസ്റ്റ് പോലിസാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്ന് ഫ്രോണ്ടിയര്‍ മണിപ്പൂര്‍ റിപോര്‍ട്ട് ചെയ്തു. മണിപ്പൂരിലെ ഇപ്പോഴത്തെ പ്രതിസന്ധി മന്ത്രിപുഖ്രിയിലെ അസം റൈഫിള്‍സ് യൂനിറ്റിന്റെ സൃഷ്ടിയാണെന്നായിരുന്നു ആരോപണം. മെയ് 31 ന് ഇംഫാല്‍ ആസ്ഥാനമായുള്ള പത്രമായ ദി ഫ്രോണ്ടിയര്‍ മണിപ്പൂരിലും ന്യൂസ് പോര്‍ട്ടലുകളിലും പ്രസിദ്ധീകരിച്ച കോളത്തിലാണ് പരാമര്‍ശം നടത്തിയത്. മ്യാന്‍മര്‍ ആസ്ഥാനമായുള്ള 'കുക്കി തീവ്രവാദ സംഘടനകളെ' അസം റൈഫിള്‍സ് സംരക്ഷിക്കുന്നുവെന്നും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്.
ഇയാള്‍ക്കെതിരേ ഐപിസി 124 എ പ്രകാരം രാജ്യദ്രോഹത്തിനും ഐപിസി 153 എ പ്രകാരം മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുത വളര്‍ത്തിയതിനുമാണ് കേസെടുത്തത്. ലേഖനം വസ്തുനിഷ്ഠതയില്ലാത്തതും അടിസ്ഥാനരഹിതവും അപകീര്‍ത്തികരവും അസം റൈഫിള്‍സിനെതിരെ വിദ്വേഷം പരത്താനും രണ്ട് രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും അസം റൈഫിള്‍സ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു അര്‍ധസൈനിക സേനയായ അസം റൈഫിള്‍സ് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണ്. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ വ്യാജ വാര്‍ത്തകള്‍, നുണകള്‍, കിംവദന്തികള്‍ അല്ലെങ്കില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് മണിപ്പൂര്‍ ചീഫ് സെക്രട്ടറി കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘര്‍ഷം തുടരുന്നതിനാല്‍ ഇപ്പോഴും മണിപ്പൂരിലെ പല ഭാഗങ്ങളിലും അനിശ്ചിതകാല ഇന്റര്‍നെറ്റ് നിരോധനം നിലനില്‍ക്കുകയാണ്. അതേസമയം സംസ്ഥാനത്ത് അക്രമം തുടരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കലാപത്തില്‍ ഇതുവരെ 115 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.