സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു; ബംഗാളില്‍ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു
ഈ മാസം 11ന് കൊല്‍ക്കത്തയില്‍ പോലിസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ബങ്കുര ജില്ലയില്‍ നിന്നുള്ള മൈദുല്‍ ഇസ്‌ലാം മിദ്ദ എന്ന യുവാവാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇടത് യുവജന സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു. ഈ മാസം 11ന് കൊല്‍ക്കത്തയില്‍ പോലിസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ബങ്കുര ജില്ലയില്‍ നിന്നുള്ള മൈദുല്‍ ഇസ്‌ലാം മിദ്ദ എന്ന യുവാവാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്.
സംഭവത്തെതുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം കൊഴുക്കുകയാണ്. മരണത്തിന് പിന്നാലെ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റേത് കൊലപാതകമാണെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ ആത്മഹത്യയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാദം.
ഗുരുതരമായി പരിക്കേറ്റ മൈദുല്‍ സൗത്ത് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമിതമായ രക്തസ്രാവത്തെ തുടര്‍ന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
വിദ്യാര്‍ത്ഥി, യുവജന മാര്‍ച്ചില്‍ അങ്കലാപ്പിലായ തൃണമൂല്‍ സര്‍ക്കാര്‍ ക്രൂരമായി ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നുവെന്ന് സിപിഎം നേതാവ് സുജന്‍ ചക്രബര്‍ത്തി പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും രംഗത്തെത്തി. മമത സര്‍ക്കാരിന് എല്ലാത്തരത്തിലും നിയന്ത്രണം നഷ്ടപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. സംഭവം നടന്ന ദിവസം പോലിസ് സമതചിത്തതയോടെയാണ് പെരുമാറിയതെന്നും മൈദുലിന്റെത് ആത്മഹത്യയാണെന്നും പഞ്ചായത്ത് വകുപ്പ് മന്ത്രി സുബ്രത മുഖര്‍ജി പറഞ്ഞു.