ബ്രസീലിയന്‍ ഗായിക മരീലിയ മെന്തോന്‍സ വിമാനാപകടത്തില്‍ മരിച്ചു. 26 വയസായിരുന്നു. സംഗീതപരിപാടിക്കായുള്ള യാത്രക്കിടെ മരീലിയ സഞ്ചരിച്ചിരുന്ന ചെറുവിമാനം തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ മരീലിയയുടെ അമ്മാവനും നിര്‍മാതാവും രണ്ട് ക്രൂ അംഗങ്ങളും മരിച്ചു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.
സംഗീതപരിപാടിക്കായാണ് താരം ബ്രസീലിയന്‍ നഗരമായ കാരതിങ്കയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ മിനാസ് ഗെറേസ് സ്‌റ്റേറ്റിലെ ഉള്‍പ്രദേശത്തില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അപകടകാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള പവര്‍ ആന്റിനയുമായി വിമാനം കൂട്ടിയിടിച്ചിട്ടുണ്ടാവാമെന്ന് കരുതുന്നതായി പ്രാദേശിക പോലിസ് മേധാവി ഇവാന്‍ ലോപസ് സൂചിപ്പിച്ചു. മലയോര മേഖലയിലെ വെള്ളച്ചാട്ടത്തിന് അടുത്താണ് വിമാനത്തിന്റെ തകര്‍ന്നുവീണ ഭാഗങ്ങള്‍ കണ്ടെത്തിയത്.