ഹിന്ദുത്വര്‍ക്ക് മുസ്‌ലിംകളെ ആക്രമിക്കാനുള്ള മറ്റൊരു വടിയായി മഥുരയിലെ മാംസ നിരോധനം

മാംസ വില്‍പ്പനയെന്ന വ്യാജ ആരോപണമുയര്‍ത്തി കൂട്ടമായെത്തി ഹിന്ദുത്വ തീവ്രവാദികള്‍ നിരാലംബരായ മുസ്‌ലിംകളെ മാരകമായി ആക്രമിക്കുന്നതും ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും ഇവിടെ പതിവായിരിക്കുകയാണ്.

Update: 2022-03-24 05:23 GMT

ഭോപ്പാല്‍: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മഥുരയില്‍ മാംസ വില്‍പന നിരോധിച്ചതുമുതല്‍ ഹൈന്ദവരുടെ വിശുദ്ധ നഗരത്തിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലകള്‍ തീവ്ര വലതുപക്ഷ ഹിന്ദുത്വ പ്രവര്‍ത്തകരുടെ സന്തോഷകരമായ വേട്ടയാടല്‍ കേന്ദ്രമായി മാറിയിരിക്കുകയാണ്.

മാംസ വില്‍പ്പനയെന്ന വ്യാജ ആരോപണമുയര്‍ത്തി കൂട്ടമായെത്തി ഹിന്ദുത്വ തീവ്രവാദികള്‍ നിരാലംബരായ മുസ്‌ലിംകളെ മാരകമായി ആക്രമിക്കുന്നതും ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും ഇവിടെ പതിവായിരിക്കുകയാണ്. നിയമം കയ്യിലെടുക്കാന്‍ ഈ ഹിന്ദുത്വ ശക്തികള്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരം ഉണ്ടെന്ന് തോന്നുന്നില്ല.

മാംസ വില്‍പ്പനയെന്ന വ്യാജ ആരോപണത്തിന്റെ മറവില്‍ ഹിന്ദുത്വര്‍ തങ്ങളെ ലക്ഷ്യമിടുമെന്നും ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കുമെന്നുമുള്ള ഭയംകാരണം നിരവധി മുസ്‌ലിം കുടുംബങ്ങള്‍ പ്രദേശത്തുനിന്നു ഒഴിഞ്ഞുപോവാന്‍ തയ്യാറെടുക്കുകയാണെന്നാണ് ദ വയറില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച ഗോമാംസം കടത്തിയെന്ന വ്യാജാരോപണത്തില്‍ മുസ്‌ലിം ഡ്രൈവറെ ഗോസംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സംഭവം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) അംഗങ്ങളായ വികാസ് ശര്‍മ്മയും ബല്‍റാം താക്കൂറും ആണ് കേസിലെ പ്രധാന പ്രതികള്‍.

2021 ജൂലൈയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലയില്‍ മാംസവും മദ്യവും നിരോധിച്ചപ്പോള്‍ മുതല്‍ ഹിന്ദുത്വസംഘങ്ങള്‍ മാംസം വില്‍ക്കുന്നു എന്ന വ്യാജ ആരോപണമുയര്‍ത്തി  മുസ്‌ലിംകളെ ലക്ഷ്യമിടുകയാണെന്ന് ഓള്‍ ഇന്ത്യ ബാക്ക്‌വേര്‍ഡ് ആന്‍ഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്‍ ട്രഷറര്‍ ഷാക്കിര്‍ ഹുസൈന്‍ സ്ഥിരീകരിച്ചു.

20-25 പേരടങ്ങുന്ന സംഘങ്ങളായി എത്തുന്ന ഈ ബജ്‌റംഗ് ദളുകാര്‍ യാതൊരു തെളിവുമില്ലാതെ തങ്ങള്‍ പശുക്കളെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് ആക്രമണം അഴിച്ചുവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.'നിങ്ങള്‍ക്ക് (പ്രവര്‍ത്തകര്‍ക്ക്) സംശയമുണ്ടെങ്കില്‍, പോലിസില്‍ പോയി പരാതി നല്‍കുക, പോലിസിന്റെ അധികാരം ഏറ്റെടുക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അവകാശം നല്‍കിയത്'-അദ്ദേഹം ചോദിക്കുന്നു.

പശുവിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നതില്‍ നിയമനടപടി നേരിടേണ്ടി വരുന്നില്ലെന്ന പൂര്‍ണ പരിരക്ഷയും അവര്‍ ആസ്വദിക്കുന്നതായി മഥുരയിലെ മനോഹര്‍പൂര്‍ നിവാസിയായ ഹുസൈന്‍ പറഞ്ഞു. '2021 ജൂലൈ മുതല്‍, ഇത്തരം സംഭവങ്ങള്‍ (പശു സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍) മഥുരയിലെ മുസ്‌ലിംകളെ പ്രതികൂലമായി ബാധിക്കുന്നു. ഭരണഘടനയല്ല, തീവ്രഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'അവര്‍ക്ക് പശുക്കളെ കുറിച്ച് ഇത്രയധികം ശ്രദ്ധയുണ്ടെങ്കില്‍, മാലിന്യം തിന്ന് അഴുക്കില്‍ ചത്തുപൊങ്ങുന്ന അലഞ്ഞുതിരിയുന്ന പശുക്കളെ എന്തുകൊണ്ട് പരിപാലിക്കുന്നില്ല?'-അലഞ്ഞുതിരിയുന്ന കന്നുകാലി ശല്യം മൂലം കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങളെ പരാമര്‍ശിച്ച് ഹുസൈന്‍ പറഞ്ഞു.

മാര്‍ച്ച് 6ന് ഹിന്ദുത്വരുടെ ആക്രമണം നേരിടേണ്ടിവന്ന ഭര്‍ത്താവിനൊപ്പം സമീന ബാനു ബന്ധുവീട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. 'ഇന്ത്യയിലുടനീളമുള്ള മുസ്ലീങ്ങളെ അവര്‍ പീഡിപ്പിക്കുന്നു. 'ഞങ്ങള്‍ ഓടിപ്പോയിരുന്നില്ലെങ്കില്‍, അവര്‍ക്ക് ഞങ്ങളെ കൊല്ലുമായിരുന്നു, ആരും രക്ഷിക്കാന്‍ വരുമായിരുന്നില്ല '-ബാനു പറഞ്ഞു.

തന്റെ ഭര്‍ത്താവ് തൊഴില്‍രഹിതനായി മാറിയെന്നും അവര്‍ പറഞ്ഞു. മറ്റുള്ളവരും ഇവിടെ സുരക്ഷിതരല്ല. യോഗി രണ്ടാം തവണയും ഇവിടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ നമ്മുടെ അരക്ഷിതാവസ്ഥ വര്‍ധിച്ചിരിക്കുകയാണ്. പേരു വെളിപ്പെടുത്താത്ത ഒരു ഇറച്ചി വില്‍പ്പനക്കാരന്‍ പറഞ്ഞു. മാംസ നിരോധനം തൊഴില്‍ രഹിതനാക്കിയെന്നും അദ്ദേഹം വിലപിച്ചു.

'തങ്ങള്‍ക്ക് ദൈനംദിന കാര്യങ്ങള്‍ക്കു പോലും പണമില്ലാത്ത അവസ്ഥയാണ്. ഇറച്ചി വില്‍പന നിരോധിക്കുമ്പോള്‍, എന്തുകൊണ്ടാണ് അവര്‍ ഞങ്ങള്‍ക്ക് ജീവിക്കാന്‍ ജോലി നല്‍കാത്തത്? എനിക്ക് ദിവസേന 2000 രൂപയായിരുന്നു വരുമാനം. ഇപ്പോള്‍, ദിവസക്കൂലിയായി ലഭിക്കുന്നത് 200 രൂപയാണ്. അതു കൊണ്ട് എങ്ങിനെ ജീവിതം മുന്നോട്ട് കൊണ്ടുപോവും'-അദ്ദേഹം ചോദിക്കുന്നു. നിരോധനം ഉണ്ടായിട്ടും മഥുര മാര്‍ക്കറ്റില്‍ മാംസത്തിന്റെയും മദ്യത്തിന്റെയും അനധികൃത വില്‍പന തഴച്ചുവളരുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

Tags:    

Similar News