സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ക്ക് അഞ്ച് മാസം തടവും 10 ലക്ഷം പിഴയും

Update: 2024-07-01 14:14 GMT

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ക്ക് അഞ്ച് മാസം ജയില്‍ശിക്ഷ വിധിച്ച് ഡല്‍ഹി സാകേത് കോടതി. ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന നല്‍കിയ പരാതിയിലാണ് നടപടി. ഗവര്‍ണറുടെ പ്രതിഛായ കളങ്കപ്പെടുത്തിയതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, അപ്പീല്‍ നല്‍കാന്‍ വേണ്ടി ശിക്ഷ 30 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മേധാ പട്കറിന്റെ പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് ഒന്നോ രണ്ടോ വര്‍ഷത്തെ തടവ് വിധിക്കാത്തതെന്നും കോടതി വ്യക്തമാക്കി.

    24 വര്‍ഷം മുമ്പത്തെ അപകീര്‍ത്തി പരാമര്‍ശത്തിലാണ് കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചത്. വി കെ സക്‌സേന അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ അധ്യക്ഷനായിരിക്കേ 2000ലാണ് കേസിനാസ്പദമായ സംഭവം. തനിക്കും നര്‍മദാ ബച്ചാവോ ആന്ദോളനുമെതിരേ പരസ്യം പ്രസിദ്ധീകരിച്ചതിനെതിരേ മേധാ പട്കര്‍ സക്‌സേനക്കെതിരേ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് മേധക്കെതിരേ സക്‌സേനയും കേസ് കൊടുത്തു. 'ഒരു ദേശസ്‌നേഹിയുടെ യഥാര്‍ഥ മുഖം' എന്ന തലക്കെട്ടില്‍ 2000 നവംബര്‍ 25ന് മേധാ പട്കര്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പ് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു സക്‌സേനയുടെ പരാതിയുടെ ഉള്ളടക്കം. ആദ്യം അഹമ്മദാബാദിലാണ് കോടതി നടപടികള്‍ തുടങ്ങിയതെങ്കിലും 2003 ഫെബ്രുവരിയില്‍ സാകേത് കോടതിയിലേക്കു മാറ്റി. സക്‌സേനക്കെതിരേ ഉന്നയിച്ച ഹവാല ഇടപാടുകള്‍ തെളിയിക്കാനുള്ള രേഖകള്‍ സമര്‍പ്പിക്കാനായില്ലെന്ന് കോടതി വിലയിരുത്തി. വാര്‍ത്താക്കുറിപ്പില്‍ സക്‌സേനയെ ഭീരുവെന്ന് വിശേഷിപ്പിച്ചെന്നും ഇത് വ്യക്തിപരമായ അധിക്ഷേപമാണെന്നും കോടതി വിലയിരുത്തി.

Tags:    

Similar News