വഖ്ഫ് നിയമം ചര്‍ച്ച ചെയ്യാനുള്ള യോഗം തടഞ്ഞ് കശ്മീര്‍ പോലിസ്; നിയമത്തിനെതിരായ പ്രമേയം വെള്ളിയാഴ്ച മസ്ജിദുകളില്‍ വായിക്കുമെന്ന് മിര്‍വായിസ്

ശ്രീനഗര്‍: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ചര്‍ച്ച ചെയ്യാന്‍ മുത്തഹിദ മജ്‌ലിസ് ഉലമ (എംഎംയു) വിളിച്ചുചേര്‍ത്ത യോഗം കശ്മീര്‍ പോലിസ് തടഞ്ഞു. എംഎയു ഭാരവാഹി മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ കശ്മീരിലെ വീട്ടില്‍ ഇന്നലെ നടക്കാനിരുന്ന യോഗമാണ് പോലിസ് തടഞ്ഞത്. നിയമത്തിനെതിരായ പ്രമേയം വെള്ളിയാഴ്ച്ച ജമ്മുകശ്മീരിലെ മസ്ജിദുകളില്‍ വായിക്കുമെന്ന് മിര്‍വായിസ് ഉമര്‍ ഫാറൂഖ് അറിയിച്ചു.
ലഡാക്ക്, കാര്‍ഗില്‍, ജമ്മു എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കാന്‍ കശ്മീരില്‍ എത്തിയിരുന്നത്. എന്നാല്‍, പോലിസിനെ വിന്യസിച്ച് യോഗം തടയുകയായിരുന്നു. ഗുരുതരമായ വഖ്ഫ് വിഷയത്തില്‍ ചര്‍ച്ച നടത്താനും സമാധാനപരമായി പ്രതികരിക്കാനുമുള്ള ചര്‍ച്ച തടയപ്പെട്ടത് വിചിത്രമാണെന്ന് മിര്‍വായിസ് പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ ജമ്മു കശ്മീരിലെ മുസ്‌ലിം-രാഷ്ട്രീയ-മത പ്രതിനിധികള്‍ക്ക് അതിന് സാധിക്കുന്നില്ല. അതിനാല്‍, എല്ലാ സമുദായ നേതാക്കളുമായും കൂടിയാലോചിച്ച് തയ്യാറാക്കിയ പ്രമേയം വെള്ളിയാഴ്ച്ച മസ്ജിദുകളില്‍ വായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച ജമ്മു-കാശ്മീര്‍ നിയമസഭാ സ്പീക്കര്‍ അബ്ദുള്‍ റഹിം റാത്തറിന്റെ നടപടിയെയും മിര്‍വായിസ് വിമര്‍ശിച്ചു.