പ്രവേശന പരീക്ഷക്കെത്തിയ ബ്രാഹ്മണ വിദ്യാര്‍ഥികളുടെ പൂണൂല്‍ ഊരിച്ചെന്ന് ആരോപണം; പ്രതിഷേധിച്ച് ബ്രാഹ്മണരും ബിജെപിയും
ബ്രാഹ്ണ ശാപത്താല്‍ കര്‍ണാടകം കത്തിയെരിയാതിരിക്കാന്‍ പ്രത്യേക പൂജകള്‍ നടത്താന്‍ ചിലര്‍ ശ്രമിക്കുന്നതായും റിപോര്‍ട്ടുകളുണ്ട്

ബംഗളൂരു: കര്‍ണാടകയിലെ ഷിമോഗയിലും ബിദാറിലും മൈസൂരുവിലും സിഇടി പരീക്ഷക്കെത്തിയ ബ്രാഹ്മണ വിദ്യാര്‍ഥികളുടെ പൂണൂല്‍ ഊരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പ്രതിഷേധവുമായി ബ്രാഹ്ണ സംഘടനകള്‍. ശനിയാഴ്ച്ച നടന്ന കോമണ്‍ എന്‍ട്രസ് ടെസ്റ്റിന് എത്തിയ രണ്ടു ബ്രാഹ്മണ വിദ്യാര്‍ഥികളുടെ പൂണൂല്‍ ഹോംഗാര്‍ഡുമാര്‍ ഊരി ചവറ്റുകുട്ടയില്‍ ഇട്ടെന്നാണ് ആരോപണം. എന്നാല്‍, ആരും പൂണൂല്‍ മുറിച്ചിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലായതെന്ന് ഷിമോഗ ഡെപ്യൂട്ടി കമ്മീഷണര്‍ ഗുരുദത്ത ഹെഗ്‌ഡെ പറഞ്ഞു. എന്നാല്‍, ഇതൊന്നും ബ്രാഹ്മണ കോപം ഇല്ലാതാക്കിയില്ല.
സംഭവത്തില്‍ ബ്രാഹ്മിണ്‍ മഹാസഭ ഷിമോഗ ജില്ലാ കമ്മിറ്റി പോലിസില്‍ പരാതി നല്‍കി. കൈയ്യില്‍ കെട്ടുന്ന ചരടുകള്‍ക്ക് പരീക്ഷാഹാളില്‍ നിരോധനമുണ്ടായിരുന്നതായി ഡിസിപി പറഞ്ഞു. ഒരു വിദ്യാര്‍ഥി ഷര്‍ട്ട് മാറ്റി പൂണൂല്‍ കാണിച്ച് ഇത് അകത്ത് കടത്തുമോ എന്ന് ഹോംഗാര്‍ഡിനോട് ചോദിക്കുകയായിരുന്നു. ഇല്ലെന്ന് ഹോംഗാര്‍ഡ് പറഞ്ഞതോടെ അയാള്‍ അത് മാറ്റി. മറ്റൊരു വിദ്യാര്‍ഥി പൂണൂല്‍ ഊരാന്‍ വിസമ്മതിച്ചു. ഇതോടെ ഹോംഗാര്‍ഡ് അയാളെ പരീക്ഷാ ഹാളിലേക്ക് കടത്തിയില്ല. ഉടന്‍ പ്രിന്‍സിപ്പല്‍ എത്തി അയാളെ അകത്ത് കടത്തിയെന്നും ഡിസിപി പറഞ്ഞു.
എഞ്ചിനീയര്‍ ആവണമെന്ന ഒരു വിദ്യാര്‍ഥിയുടെ സ്വപ്‌നമാണ് കര്‍ണാടക സര്‍ക്കാര്‍ തകര്‍ത്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വ സംഘടനകള്‍ ബ്രാഹ്മണ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രതിഷേധം നടത്തി.

ബ്രാഹ്ണസംഘടനകളും പ്രതിഷേധം നടത്തി. ബ്രാഹ്ണ ശാപത്താല്‍ കര്‍ണാടകം കത്തിയെരിയാതിരിക്കാന്‍ പ്രത്യേക പൂജകള്‍ നടത്താന്‍ ചിലര്‍ ശ്രമിക്കുന്നതായും റിപോര്‍ട്ടുകളുണ്ട്.