പിണറായി സര്‍ക്കാരിന്റെ പ്രചാരണത്തിന് ദീപം തെളിയിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സന്ദേശം; ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുന്നുവെന്ന് മുസ് ലിം ലീഗ്
കണ്ണൂര്‍: കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാറിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നവകേരളാ സദസ്സിന്റെ ഭാഗമായി നവമ്പര്‍ ഒന്നിന് രാത്രി ഏഴിന് വീടുകളില്‍ ദീപംതെളിയിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ മുഖേന സന്ദേശം കൈമാറുന്നതായി മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി ആരോപിച്ചു. സര്‍ക്കാറിന്റെ ഔദ്യോഗിക തലത്തില്‍ തീരുമാനിക്കപ്പെട്ടത് പ്രകാരമാണ് എംഎല്‍എമാര്‍ ഇത്തരം ഒരു സന്ദേശം കൈമാറുന്നത് എന്നാണ് പറയപ്പെടുന്നത്. നവകേരള സദസ്സിന്റെ സംഘാടക സമിതി യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പ്രതികാരം ചെയ്യുന്ന സര്‍ക്കാര്‍, വിദ്യാര്‍ഥികളെയും അധ്യാപകരെയും കൂടി ഇതിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുകയാണ്. ദീപം തെളിയിക്കുന്നത് വിശ്വാസപരമായി അംഗീകരിക്കാത്ത ഒരു പ്രബലവിഭാഗം അധിവസിക്കുന്ന കേരളത്തില്‍, അവരുടെ വിശ്വാസ ആചാരങ്ങളിലേക്ക് ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണിത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സ്വീകരിച്ചുവരുന്ന ഹൈന്ദവ ആചാര രീതികള്‍ അതേപടി സ്വീകരിക്കുകയും അത് സര്‍ക്കാര്‍ തീരുമാനമായി വരുത്തുകയും ചെയ്യുക വഴി ഒരേ തൂവല്‍ പക്ഷികളെ പോലെ പെരുമാറുകയാണ് പിണറായിയും നരേന്ദ്ര മോദിയും. കേരളത്തിലെ മതേതര സമൂഹത്തെ ഒരു പ്രത്യേക സമുദായത്തിന്റെ ആചാരരീതികളിലേക്ക് എത്തിക്കാനുള്ള ഇത്തരം ഒളിയജണ്ടകള്‍ക്കെതിരേ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കരീംചേലേരി കൂട്ടിച്ചേര്‍ത്തു.