മെസിയുടെ സന്ദര്‍ശനം; കേന്ദ്രത്തില്‍ നിന്ന് രണ്ട് അനുമതികള്‍ ലഭിച്ചതായി മന്ത്രി നിയമസഭയില്‍

Update: 2025-03-18 17:32 GMT

തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തില്‍ വരുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതികരണം നടത്തി കായിക മന്ത്രി വി അബ്ദുറഹിമാന്‍. മെസി വരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ രണ്ട് അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും അനുമതിയാണ് ലഭ്യമായത്. ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പിന്നീട് അക്കാര്യം പറയാമെന്നും അബ്ദുറഹിമാന്‍ സഭയില്‍ പറഞ്ഞു.

മെസി അടക്കമുള്ള അര്‍ജന്റീനന്‍ ടീം കേരളത്തിലെത്തുമെന്ന് കഴിഞ്ഞ വര്‍ഷം നവംബറിലാണ് മന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പ്രതികരണം നല്‍കിയിരുന്നില്ല. മലപ്പുറത്തിനും കോഴിക്കോടിനും ഇടയില്‍ ഒരു അന്താരാഷ്ട്ര സ്റ്റേഡിയം വരാന്‍ പോകുകയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു. ഇതിനായി 35 ഏക്കര്‍ സ്ഥലം കാലിക്കറ്റ് സര്‍വകലാശാല അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതിന്റെ നിര്‍മാണം ഉടന്‍ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ഒക്ടോബറിലായിരിക്കും മെസി അടങ്ങുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുക എന്നാണ് കരുതുന്നത്. നേരത്തെ തീരുമാനിച്ച സൗഹൃദ മത്സരത്തിന് പുറമെ മെസി പൊതു പരിപാടിയിലും പങ്കെടുത്തേക്കും.