മൂല്യ നിര്‍ണയം നടത്തിയ എം ജി യൂനിവേഴ്സിറ്റി ബി എസ് സി ബയോടെക്നോളജി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ദേശീയപാതയോരത്ത്
ബി എസ് സി ബയോടെക്നോളജി മൂന്നാം സെമസ്റ്റര്‍ ജെനറ്റിക് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ദേശീയ പാതയില്‍ ആലുവ തോട്ടയ്ക്കാട്ടുകര സിഗ്നലിനു സമീപത്തു നിന്നും ഓട്ടോറിക്ഷ തൊഴിലാളികള്‍ കണ്ടെത്തിയത്. 39 ഉത്തരക്കടലാസുകളാണ് ഉണ്ടായിരുന്നത്. ആലുവ നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെറോം മൈക്കിള്‍, കൗണ്‍സിലര്‍ ലളിത ഗണേശന്‍ എന്നിവര്‍ ഇത് ആലുവ പോലീസിനു കൈമാറി
കൊച്ചി: എം ജി യൂനിവേഴ്സിറ്റിയുടെ മൂല്യ നിര്‍ണയം നടത്തിയ ബി എസ് സി ബയോടെക്നോളജി മൂന്നാം സെമസ്റ്റര്‍ ജെനറ്റിക് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ദേശിയ പാതയോരത്ത് ചിതറിക്കിടന്ന നിലയില്‍ കണ്ടെത്തി. ദേശീയ പാതയില്‍ ആലുവ തോട്ടയ്ക്കാട്ടുകര സിഗ്നലിനു സമീപത്തു നിന്നും ഇന്ന് വൈകുന്നേരം മൂന്നോടെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ഇവ കണ്ടെത്തിയത്. 39 ഉത്തരക്കടലാസുകളാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇവര്‍ ഇത് ആലുവ നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെറോം മൈക്കിള്‍, കൗണ്‍സിലര്‍ ലളിത ഗണേശന്‍ എന്നിവരെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഇവര്‍ ഇത് ആലുവ പോലിസിനു കൈമാറി.
ഉത്തരക്കടലാസിലെ പരീക്ഷ തിയതിയുടെ കോളത്തില്‍ 12-12-2018 എന്നാണ് രേഖപെടുത്തിയിരിക്കുന്നത്.മൂല്യ നിര്‍ണയം നടത്തിയ ശേഷം ബന്ധപ്പെട്ട കോളത്തില്‍ മാര്‍ക്ക് രേഖപെടുത്തിയതായും ഉത്തരക്കടലാസില്‍ കാണാം.ഈ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനിരിക്കുന്നതേയുള്ളുവെന്ന വിവരമാണ് ലഭിക്കുന്നത്.അധ്യാപകര്‍ക്ക് മൂല്യനിര്‍ണയത്തിനായി ഉത്തരകടലാസുകള്‍ വീടുകളിലേക്ക് കൊടുത്തു വിടുന്ന പതിവുണ്ട്. ഇത്തരത്തില്‍ വീട്ടില്‍ കൊണ്ടുപോയി മൂല്യ നിര്‍ണയം നടത്തിയതിനു ശേഷം തിരികെ ഏല്‍പ്പിക്കുന്നതിനായി കൊണ്ടു പോകുന്നതിനിടയില്‍ വഴിയില്‍ നഷ്ടപ്പെട്ടതാകാമെന്നാണ് കരുതുന്നത്.സംഭവത്തില്‍ ആലുവ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.