ഹിന്ദുത്വ ചരിത്ര രചനയെ എതിര്‍ത്ത എംജിഎസ്

Update: 2025-04-26 06:28 GMT
ഹിന്ദുത്വ ചരിത്ര രചനയെ എതിര്‍ത്ത എംജിഎസ്

ഇന്ത്യയുടെ ചരിത്രത്തെ, കേരളത്തിന്റെ ചരിത്രത്തെ, ഹിന്ദുത്വ കാഴ്ച്ചപാടിലൂടെ അവതരിപ്പിക്കാനുള്ള നീക്കങ്ങളെ കുറിച്ച് സൂചന നല്‍കുകയും പ്രതിരോധിക്കുകയും ചെയ്തതിലൂടെയാണ് മറ്റു നിരവധി ചരിത്രകാരന്‍മാരില്‍ നിന്നും എംജിഎസ് നാരായണന്‍ വ്യത്യസ്തനാവുന്നത്.

1921ലെ മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയന്‍കുന്നത്ത് കുഞ്ഞമ്മദ് ഹാജിയെയും ആലി മുസ്‌ലിയാരെയുമെല്ലാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ എംജിഎസ് എതിര്‍ത്തിരുന്നു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടിപ്പുസുല്‍ത്താനെ പരാജയപ്പെടുത്തിയ ശേഷമാണ് ബ്രിട്ടീഷുകാര്‍ മലബാറില്‍ അധികാരം സ്ഥാപിച്ചതെന്ന് എംജിഎസ് ചൂണ്ടിക്കാട്ടി. ടിപ്പുവിന്റെ കാലത്ത് മലബാറിലെ ജന്മിമാരും കര്‍ഷകരെ അടിച്ചമര്‍ത്തിയവരും നാടുവിട്ടിരുന്നു. അവരുടെ ഭൂമിയാണ് ടിപ്പു ഭൂരഹിതര്‍ക്ക് വിതരണം ചെയ്തത്. പിന്നീട് 1799ല്‍ ടിപ്പുവിനെ കൊന്നതിന് ശേഷം ഈ ജന്മിമാരെ ബ്രിട്ടീഷുകാര്‍ തിരുവിതാംകൂറില്‍ നിന്നും തിരികെ കൊണ്ടുവന്നു. അവര്‍ക്ക് ഭൂമിയും പദവികളും തിരികെ നല്‍കി. 1800കള്‍ മുതല്‍ മുസ്‌ലിംകളില്‍ അതൃപ്തിയുണ്ടാവാന്‍ ഇത് കാരണമായി. 1800-1900 കാലത്ത് നിരവധി ചെറിയ സമരങ്ങള്‍ ഉണ്ടായി. ഇതാണ് 1921ല്‍ എത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംഭവത്തെ മാപ്പിള കലാപം എന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മലബാറിന്റെ സാംസ്‌കാരിക സഹവര്‍ത്തിത്വത്തെ കുറിച്ച് പറയുകയാണെങ്കില്‍ അത് ചേരമാന്‍ പെരുമാളിന്റെ കാലത്ത് നിന്ന് തുടങ്ങണമെന്നാണ് എംജിഎസ് പറഞ്ഞിരുന്നത്. ചേരമാന്‍ പെരുമാളിനെ ബ്രാഹ്മണര്‍ ജാതിഭ്രഷ്ടനാക്കിയിരുന്നു. അക്കാലത്ത് ചോളന്‍മാരുമായി നടന്ന യുദ്ധത്തില്‍ സാമൂതിരി മാനവിക്രമനും പെരുമാളും ഒരുമിച്ചാണ് നിന്നത്. ഈ ബന്ധമാണ് മലബാറിലേക്ക് മുസ്‌ലിംകളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. കേരളോല്‍പ്പത്തിയില്‍ കോഴിക്കോടിനെ സത്യത്തിന്റെ നഗരം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറബ് മുസ്‌ലിംകളും സാമൂതിരിയുമായുള്ള ബന്ധം നൂറ്റാണ്ടുകള്‍ നിലനിന്നെന്നും അതാണ് കോഴിക്കോടിന്റെ സാംസ്‌കാരിക സഹവര്‍ത്വത്തിന്റെ കാരണമെന്നും എംജിഎസ് ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് ഭരണകാലത്ത്, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ ക്ലാസുകള്‍ തുടങ്ങുമ്പോള്‍ 'ദൈവം ഞങ്ങളുടെ റാണിയെ രക്ഷിക്കും' എന്ന വാചകം ചൊല്ലണമായിരുന്നുവെന്നും 1947 ആഗസ്റ്റ് 15 മുതല്‍ അത് വന്ദേ മാതരം ആയെന്നും തനിക്ക് അന്തസ് വന്നെന്നും എംജിഎസ് പറയുമ്പോള്‍ അദ്ദേഹത്തിലെ കൊളോണിയല്‍ വിരുദ്ധ ചിന്ത പ്രകടമാവുന്നുണ്ട്.

കോണ്‍ഗ്രസ് അതിന്റെ തത്വങ്ങള്‍ ഉപേക്ഷിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മാറിയതും ബദല്‍ കൊണ്ടുവരുന്നതില്‍ ഇടതുപാര്‍ട്ടികള്‍ പരാജയപ്പെട്ടതിലും എംജിഎസ് ദുഖിതനായിരുന്നു. രാഷ്ട്രീയത്തിലെ ഈ വിടവിലേക്ക് തീവ്ര ഹിന്ദുത്വ കടന്നുവന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദു ദേശീയത ഹിന്ദു വര്‍ഗീയവാദമല്ലാതെ മറ്റൊന്നുമല്ലെന്ന് അദ്ദേഹം പറഞ്ഞു.

മൗലികാവകാശങ്ങളുള്ള ജനാധിപത്യ ഭരണഘടനയില്‍ അഭിമാനിക്കുന്നുണ്ടെങ്കിലും തന്ത്രപരമായി അതിനെ അട്ടിമറിക്കുമോയെന്ന ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു പുതിയ സ്വേച്ഛാധിപത്യം ജനാധിപത്യത്തെ അട്ടിമറിക്കുമോയെന്നും അദ്ദേഹം ആശങ്കപ്പെട്ടു. കൊളോണിയല്‍ ഭരണത്തിന് കീഴില്‍ നിന്ന് സ്വാതന്ത്ര്യം സ്വപ്‌നം കണ്ട എംജിഎസ് പുതിയ കാലത്തെ കുറിച്ച് നടത്തിയ നിരീക്ഷണങ്ങളും പ്രസക്തമാണ്

Similar News