യഥാര്‍ത്ഥ മതവിശ്വാസിയായ ടിപ്പു സുല്‍ത്താന്‍ വര്‍ഗീയ വാദി ആയിരുന്നില്ലെന്ന് എംജിഎസ് നാരായണന്‍

ടിപ്പുവിനെ വര്‍ഗീയവാദിയായി സംഘപരിവാര്‍ ചിത്രീകരിക്കുന്നതിനെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Update: 2020-01-27 09:31 GMT

കോഴിക്കോട്: മതത്തില്‍ വിശ്വസിക്കുന്നവരെല്ലാം വര്‍ഗീയ വാദികളല്ലെന്ന് പ്രമുഖ ചരിത്രകാരന്‍ പ്രഫ. എംജിഎസ് നാരായണന്‍. ടിപ്പു സുല്‍ത്താന്‍ യഥാര്‍ത്ഥ മത വിശ്വാസി ആന്നെന്നും വര്‍ഗീയ വാദി അല്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ടിപ്പുവിനെ വര്‍ഗീയവാദിയായി സംഘപരിവാര്‍ ചിത്രീകരിക്കുന്നതിനെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മലബാര്‍ ക്രിസ്ത്യന്‍ കോളജിന്റെയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന 'എറുഡൈറ്റ് സ്‌കോളര്‍ ഇന്‍ റെസിഡന്‍സ്' പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംജിഎസ്.

കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗോഡ്‌വിന്‍ സാമ്രാജ് അധ്യക്ഷനായി. ചരിത്രകാരന്‍ ഗോപാലന്‍കുട്ടി, ചരിത്ര വിഭാഗം മേധാവി ഷീല എഫ് ക്രിസ്റ്റിന, അസി പ്രഫ. ഷിനോയ് ജസീന്ത, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ക്രിസ്റ്റി അലക്‌സ് പേരയില്‍, ഡോ.ഷിനോയ് ജസീന്ത് സംസാരിച്ചു.

അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ സൗത്ത് ആഫ്രിക്കയിലെ യൂനിവേഴ്‌സിറ്റി ഓഫ് വിറ്റ് വാട്ടര്‍ സ്റ്റാന്‍ഡിലെ ഡോ. ദിലീപ് എം മേനോന്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഉള്‍പ്പെടെ കാലിക്കറ്റ് സര്‍വകലാശാല കാംപസ്, ഫറൂഖ് കോളജ്, മീഞ്ചന്ത ആര്‍ട്‌സ് കോളജ്, പിഎസ്എംഒ കോളജ് എന്നിവിടങ്ങളിലായാണ് പ്രഭാഷണം നടക്കുക. ആദ്യദിനമായ ഇന്നലെ 'ഇന്ത്യയിലെ അടിയന്തരാവസ്ഥയും ചരിത്ര രചനയും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന പ്രഭാഷണത്തില്‍ ദക്ഷിണ ഭൂഖണ്ഡത്തില്‍ നിന്നും ലോകത്തെ കാണുന്നത് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

നാളെ ബുധന്‍ രാവിലെ 10.30 ന് ഫറൂഖ് കോളജില്‍ 'കണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ഓര്‍മ, ജീവിതം, ചരിത്രം, രചനകള്‍' എന്ന വിഷയത്തിലും, ഉച്ചയ്ക്ക് 2.30 ന് മീഞ്ചന്ത ആര്‍ട്‌സ് കോളജില്‍ 'അന്താരാഷ്ട്ര മതങ്ങള്‍; ചട്ടമ്പി സ്വാമികള്‍ ചരിത്രത്തിലെ ചില ചോദ്യങ്ങള്‍' എന്ന വിഷയത്തിലും, 30 ന് വ്യാഴാഴ്ച മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ 'സമുദ്രം, ഭൗമ ഭാവന' വിഷയത്തിലും, 31 ന് വെള്ളി പിഎസ്എംഒ കോളജില്‍ 'ചരിത്രം, സാഹിത്യം എന്നിവയെ സംബന്ധിച്ച് കേസരി ബാലകൃഷ്ണപിള്ളയുടെ നിരീക്ഷണം' എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.

Tags:    

Similar News