ഓണ്‍ലൈന്‍ പരാതി പോര്‍ട്ടല്‍ ദുരുപയോഗം വ്യാപകം; വിറ്റ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് വ്യാജപരാതികളുമായി കുടിയേറ്റ കശ്മീരി പണ്ഡിറ്റുകള്‍
അവരുടെ പിതാമഹന്‍മാര്‍ കശ്മീരികള്‍ക്ക് സ്വമേധയാ വില്‍പ്പന നടത്തിയ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് ഇത്തരത്തില്‍ നിരവധി വ്യാജ പരാതികള്‍ ലഭിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കശ്മീരി വാര്‍ത്താ ഏജന്‍സിയായ കെഡിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജമ്മു: ജമ്മു കശ്മീര്‍ ഭരണകൂടം അടുത്തിടെ ആരംഭിച്ച ഓണ്‍ലൈന്‍ പരാതി പോര്‍ട്ടല്‍ കുടിയേറ്റ കശ്മീരി പണ്ഡിറ്റുകള്‍ പ്രത്യേകിച്ചും യുവ തലമുറ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി റിപോര്‍ട്ട്. അവരുടെ പിതാമഹന്‍മാര്‍ കശ്മീരികള്‍ക്ക് സ്വമേധയാ വില്‍പ്പന നടത്തിയ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് ഇത്തരത്തില്‍ നിരവധി വ്യാജ പരാതികള്‍ ലഭിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കശ്മീരി വാര്‍ത്താ ഏജന്‍സിയായ കെഡിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജമ്മു കശ്മീര്‍ ഭരണകൂടം ആരംഭിച്ച ഓണ്‍ലൈന്‍ പരാതി പോര്‍ട്ടലില്‍ കശ്മീരി പണ്ഡിറ്റുകളുടെ വ്യാജ പരാതികള്‍ നിറഞ്ഞിരിക്കുകയാണെന്നും ഇതു റവന്യു വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്നും റിപോര്‍ട്ട് പറയുന്നു.
ഏതെങ്കിലും കശ്മീരി പണ്ഡിറ്റിന്റെ ഭൂമിയോ മറ്റേതെങ്കിലും വസ്തുവകളോ കശ്മീരിലെ ഏതെങ്കിലുമൊരു വ്യക്തി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ യഥാര്‍ത്ഥ പരാതി തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നും
ഭൂരിഭാഗം പരാതികളിലും പൂര്‍ണമായും നിയമപരമായ രേഖകളോടെ ഭൂമി അല്ലെങ്കില്‍ വീട് സ്വമേധയാ വിറ്റതായാണ് കാണാന്‍ കഴിഞ്ഞതെന്നും ഒരു റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിരവധി പണ്ഡിറ്റുകള്‍ അവരുടെ ഭൂമിയെക്കുറിച്ചും സ്വത്തിനെക്കുറിച്ചും വ്യാജ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അന്വേഷണങ്ങളില്‍ അവ നിയമപരമായാണ് വിറ്റതെന്നു കണ്ടെത്തിയെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വ്യാജവും തെറ്റായതുമായ പരാതികള്‍ റവന്യൂ, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരെ ശരിക്കും കുഴക്കിയതായി തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ നിന്നുള്ള ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ വ്യാജ പരാതികളുടെ പരിശോധന തങ്ങളുടെ സമയവും വര്‍ക്ക് ഫോഴ്‌സിനേയും അപഹരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
പരാതികള്‍ വിലയിരുത്താന്‍ തങ്ങള്‍ ജീവനക്കാരെ അയക്കുമ്പോള്‍, ഉടമകള്‍ വസ്തുവകകളും ഭൂമിയും എല്ലാ നടപടിക്രമങ്ങളും വാങ്ങിയതിന്റെ തെളിവുകള്‍ ഹാജരാക്കുന്നതിനാല്‍ പരാതികളില്‍ ബഹുഭൂരിപക്ഷവും വ്യാജമാണെന്നു കണ്ടെത്തുകയാണ്.
1999ല്‍ ഒരു കശ്മീര്‍ പണ്ഡിറ്റില്‍ നിന്ന് ഒരു തുണ്ട് ഭൂമി വാങ്ങിയിരുന്നു. എന്നാല്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ചില കശ്മീര്‍ പണ്ഡിറ്റുകള്‍ ഈ ഭൂമി വാങ്ങിയത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് തെറ്റായ പരാതി നല്‍കിയെന്ന് ഐഷ്മുഖം അനന്ത്‌നാഗില്‍ നിന്നുള്ള ഒരു പൊതു പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി.
അടുത്തിടെ കുടിയേറ്റക്കാര്‍ക്ക് അവരുടെ ഭൂമിയെക്കുറിച്ചും സ്വത്തിനെക്കുറിച്ചും യഥാര്‍ത്ഥ പരാതികള്‍ പരിഹരിക്കുന്നതിനായി ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഒരു ഓണ്‍ലൈന്‍ പരാതി പോര്‍ട്ടല്‍ ആരംഭിച്ചത്.