തിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയില്‍ പദ്ധതിക്കായുള്ള കല്ലിടല്‍ പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കല്ലിടല്‍ നിര്‍ത്തിയെന്നല്ല ഉത്തരവ്. ഉടമകള്‍ക്ക് സമ്മതമെങ്കില്‍ അതിരടയാള കല്ലിടുമെന്നും അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ അതിരടയാളമോ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ചോ അടയാളപ്പെടുത്താമെന്നും റവന്യൂ മന്ത്രി വിശദീകരിച്ചു. സാമൂഹികാഘാത പഠനത്തിനുള്ള അതിരടയാളം ഇടല്‍ ആണ് നടന്നുവരുന്നത്. സാമൂഹിക ആഘാത പഠനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ മൂന്ന് നിര്‍ദേശം മുന്നോട്ട് വെച്ചു. ഉത്തരവില്‍ ഈ മൂന്ന് രീതിക്കും അനുമതി നല്‍കിയിട്ടുണ്ടെന്ന് കെ രാജന്‍ പറഞ്ഞു.
വന്‍ പ്രതിഷേധങ്ങള്‍, കടുത്ത രാഷ്ട്രീയ വിവാദങ്ങള്‍, സമരക്കാരും പോലിസുമായുള്ള നിരന്തര സംഘര്‍ഷങ്ങള്‍ എല്ലാം അവസാനിക്കുകയാണ്. മഞ്ഞ കുറ്റിയില്‍ കെ റെയില്‍ എന്ന് രേഖപ്പെടുത്തി സില്‍വര്‍ ലൈന്‍ കടന്ന് പോകുന്ന ഇടങ്ങളില്‍ സ്ഥാപിക്കുന്ന രീതി ഇനി ഉണ്ടാകില്ല. പകരം ജിപിഎസ് ഉപയോഗിച്ചോ ജിപിഎസ് സംവിധാനമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ സര്‍വേ നടത്തും. ജിയോ ടാഗിംഗ് വഴി അതിരടയാളങ്ങള്‍ രേഖപ്പെടുത്തും. കേരള റെയില്‍വെ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. സ്ഥലം ഉടമയുടെ അനുമതിയോടെ കല്ലിടാമെന്നും കെട്ടിടങ്ങള്‍ മതിലുകള്‍ എന്നിവടങ്ങളില്‍ അടയാളം ഇടാമെന്നും നിര്‍ദ്ദേശങ്ങളുയര്‍ന്നിരുന്നെങ്കിലും ഇനി ജിയോ ടാഗിംഗ് മാത്രം മതിയെന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നത്.