മനുഷ്യാവകാശ ധ്വംസനത്തിന് മഅ്ദനിയോളം മികച്ച ഉദാഹരണമില്ല: കെ ടി ജലീല്‍
നീതിയുടെ വൈകിപ്പോക്ക് ജനാധിപത്യ ധ്വംസനവും ഭരണഘടനാവിരുദ്ധവുമാണ്. മഅ്ദനിയെ അടുത്തറിയാനും ബന്ധം പുലര്‍ത്താനും കഴിഞ്ഞിട്ടുള്ള ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ നിരപരാധിത്വത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. കെ ടി ജലീല്‍ പ്രതികരിച്ചു.
കൊച്ചി: മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഇന്ത്യന്‍ ചരിത്രം പരിശോധിച്ചാല്‍ മഅ്ദനിയോളം മികച്ച ഉദാഹരണം വേറെയില്ലെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. വിചാരണ വേഗത്തിലാക്കി ഏറ്റവും വേഗത്തില്‍ കേസില്‍ വിധി പറയുകയാണ് വേണ്ടത്. നീതിയുടെ വൈകിപ്പോക്ക് ജനാധിപത്യ ധ്വംസനവും ഭരണഘടനാവിരുദ്ധവുമാണ്. മഅ്ദനിയെ അടുത്തറിയാനും ബന്ധം പുലര്‍ത്താനും കഴിഞ്ഞിട്ടുള്ള ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ നിരപരാധിത്വത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. അധികാരവും പദവികളും ഉപയോഗിച്ച് നിരപരാധികളെ ക്രൂശിക്കാന്‍ മെനക്കെടുന്ന ദുശ്ശക്തികള്‍ക്ക് കാലം കരുതി വച്ചിട്ടുള്ളത് എന്താണെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പ്രതികരിച്ചു. മഅ്ദനിയുടെ രണ്ടാം ജയില്‍വാസം പത്ത് വര്‍ഷം തികയുന്ന ദിനത്തില്‍ 'അനീതിയുടെ വിലങ്ങഴിക്കൂ' എന്ന മുദ്രാവാക്യത്തില്‍ നടന്ന സോഷ്യല്‍ മീഡിയ പ്രതിഷേധത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യോജിപ്പുകളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും വിചാരണയില്ലാതെ അന്യായമായ തടവും അനന്തമായ ജയില്‍വാസവും നീതിനിഷേധമാണെന്നും മഅ്ദനിക്ക് വേണ്ടി ഉയരുന്ന ശബ്ദം നീതിക്ക് വേണ്ടിയുള്ളതാണെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയും അഭിപ്രായപ്പെട്ടു.
ഔദാര്യത്തിനായി കേഴുന്നില്ല!
ദയയ്ക്കായി യാചിക്കുന്നുമില്ല!
നീതിയ്ക്കായി പോരാടുകയാണ്!!
ആത്മാവ് കൂടൊഴിയും മുമ്പ് നീതിയുടെ സൂര്യന്‍ ഉദിച്ചെങ്കില്‍...!!! ബാംഗ്‌ളൂരില്‍ നിന്ന് മഅ്ദനിയും തന്റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങിനെ പ്രതികരിച്ചു.
പി.ഡി.പി.സംസ്ഥാന കമ്മിറ്റിയുടെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ എ എം ആരിഫ് എംപി, തോമസ് ചാഴിക്കാടന്‍ എംപി,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ, ജാമിഅഃ മില്ലിയ സമരനായിക ലദീദ ഫര്‍സാന, ദലിത് ആക്ടിവിസ്‌റ്‌റ് കെ കെ കൊച്ച്, കെഎംവൈഎഫ് സംസ്ഥാന സെക്രട്ടറി കടക്കല്‍ ജുനൈദ്, സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര, ആക്ടിവിസ്റ്റ് റാസിഖ് റഹീം, മ്യൂസിഷന്‍ നാസര്‍ മാലിക് , കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി , ആയിഷ റെന്ന , പിഡിപി സംസ്ഥാന വൈസ്‌ചെയര്‍മാന്‍ തോമസ് മാഞ്ഞൂരാന്‍,യു കെ അബ്ദുല്‍ റഷീദ് മൗലവി, ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ അല്‍ഹാജ് മുഹമ്മദ് നദീര്‍ മൗലവി, ചേരമാന്‍ മസ്ജിദ് ഇമാം സൈഫുദ്ദീന്‍ മൗലവി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ അലി ദാരിമി, വി എം അലിയാര്‍, മജീദ് ചേര്‍പ്പ് തുടങ്ങിയവരും മറ്റ് സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ആയിരങ്ങളും ജനാധിപത്യ പ്രതികരണത്തില്‍ പങ്കാളികളായി.