മന്ത്രി കെ ടി ജലീലിന്റെ ഫോണ്‍ ഹാക്കിങ്; വിവാദം ഭയന്ന് 'സൈബര്‍ പോരാളി'കളെ തള്ളി മുസ് ലിം ലീഗ്
മുസ് ലിം ലീഗിന്റെ ഭാഗമായും യുഡിഎഫിനും വേണ്ടി സോഷ്യല്‍ മീഡിയയിലിരുന്ന് ഫ്രീലാന്‍സായാണു ജോലി ചെയ്യുന്നതെന്നും ഒന്നു രണ്ട് മാസം മുമ്പ് ഞങ്ങളുടെ ഐടി സെല്‍ മന്ത്രി കെ ടി ജലീലിന്റെ ഫോണ്‍ ഹാക്ക് ചെയ്തിരുന്നുവെന്നും യാസര്‍ എടപ്പാള്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞിരുന്നു.
മലപ്പുറം: ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലിന്റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ കുരുക്കാവുമെന്ന ഭയത്താല്‍ 'സൈബര്‍ പോരാളി'കളെ തള്ളിപ്പറഞ്ഞ് മുസ് ലിം ലീഗ് നേതൃത്വം രംഗത്ത്. കെ ടി ജലീല്‍ തന്നെ വേട്ടയാടുകയാണെന്ന വിധത്തില്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ രംഗത്തെത്തിയതിനു പിന്നാലെയാണ് എടപ്പാള്‍ വട്ടംകുളം സ്വദേശി യാസിര്‍ എടപ്പാള്‍ എന്ന മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ ഹാക്കിങ് വിവരം പരസ്യമായി വെളിപ്പെടുത്തിയത്. കെ ടി ജലീലിന്റെ നടപടി സംബന്ധിച്ച വാര്‍ത്താചാനലുകളുടെ ചര്‍ച്ചയ്ക്കിടെയാണ് മുസ് ലിം ലീഗ് 'സൈബര്‍ പോരാളി'യെന്ന് സ്വയം വിശേഷിപ്പിക്കുന്ന യാസിര്‍ എടപ്പാള്‍ മന്ത്രിയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഹാക്ക് ചെയ്തതെന്നും ഇക്കാര്യം കുറ്റകൃത്യമാണെന്ന് അറിയാമെന്നും പറഞ്ഞത്.
എന്നാല്‍, ഇതിനെതിരേ മന്ത്രി കെ ടി ജലീല്‍ പോലിസിനെ സമീപിച്ചാല്‍ അത് കുരുക്കാവുമെന്നു മനസ്സിലാക്കിയാണ് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് തന്നെ സൈബര്‍ പോരാളികളെ തള്ളിപ്പറഞ്ഞത്. പാര്‍ട്ടിക്കു വേണ്ടി പോരാടാന്‍ സോഷ്യല്‍ മീഡിയയില്‍ ഏതെങ്കിലും സ്വതന്ത്ര വ്യക്തിയെയോ സംഘത്തെയോ ഏല്‍പിച്ചിട്ടില്ലെന്നും അങ്ങനെ ആരെങ്കിലും പാര്‍ട്ടിയുടെ സൈബര്‍ വക്താക്കളായോ ഐടി സെല്‍ എന്ന പേരിലോ സഭ്യമല്ലാത്ത രീതിയില്‍ പെരുമാറുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ലെന്നുമായിരുന്നു കെ പി എ മജീദിന്റെ ഫേസ് ബുക്ക് പ്രതികരണം. അതേസമയം, മന്ത്രിയുടെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന വെളിപ്പെടുത്തല്‍ ഗൗരവതരമാണെന്നും സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ് ഐ സംസ്ഥാന കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.
സൈബറിടത്തില്‍ ട്രോളുകളും പരിഹാസ്യങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രചാരണത്തിനുപയോഗിക്കുന്നത് ഇപ്പോള്‍ വ്യാപകമാണ്. പ്രത്യേകിച്ച് ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ട് പ്രത്യേക സംഘത്തെ തന്നെ രംഗത്തിറിക്കിയിട്ടുണ്ട്. എന്നാല്‍, മിക്ക സംഘടനയിലെയും ചിലര്‍ സൈബറിടത്തിലെ അമിത ഇടപെടലിലൂടെയും അധിക്ഷേപങ്ങളിലൂടെയും പാര്‍ട്ടികളെ പ്രതിരോധത്തിലാക്കാറുണ്ട്. അതിനെല്ലാം പുറമെയാണ് യാസര്‍ എടപ്പാള്‍ എന്ന മുസ് ലിം ലീഗ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലെന്നത് ലീഗ് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. മുസ് ലിം ലീഗിന്റെ ഭാഗമായും യുഡിഎഫിനും വേണ്ടി സോഷ്യല്‍ മീഡിയയിലിരുന്ന് ഫ്രീലാന്‍സായാണു ജോലി ചെയ്യുന്നതെന്നും ഒന്നു രണ്ട് മാസം മുമ്പ് ഞങ്ങളുടെ ഐടി സെല്‍ മന്ത്രി കെ ടി ജലീലിന്റെ ഫോണ്‍ ഹാക്ക് ചെയ്തിരുന്നുവെന്നും യാസര്‍ എടപ്പാള്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞിരുന്നു. മാത്രമല്ല, അതില്‍ നിന്നു കെഎംസിസിയെ അപകീര്‍ത്തിപ്പെടുത്തുന്ന വോയ്‌സ് ക്ലിപ്പ് പുറത്തുകൊണ്ടുവന്നിരുന്നു. ചില ചാനലുകള്‍ ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു.
ഹാക്ക് ചെയ്തപ്പോള്‍ എന്തൊക്കെ കിട്ടിയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് വാട്‌സ് ആപ് സന്ദേശങ്ങളാണ് ഹാക്ക് ചെയ്തതെന്നും കെഎംസിസിയുടെ ഫ്‌ളൈറ്റ് പൊക്കാന്‍ എസ്.ടി.യു എന്ന പരിഹാസ്യം ഇങ്ങനെ ലഭിച്ചതാണെന്നും പറയുന്നുണ്ട്. ഇതിനുപുറമെ, ഇത്തരം കാരണം കൊണ്ട് തനിക്ക് ബുദ്ധിമുട്ടുണ്ടായപ്പോള്‍ പാര്‍ട്ടിയുടെയും കെഎംസിസിയുടെയും നേതാക്കളെ ഇടപെടുവിച്ചതായും യാസര്‍ എടപ്പാള്‍ വെളിപ്പെടുത്തിയിരുന്നു. പ്രവാസി യുവാവിനെ മന്ത്രി കെ ടി ജലീല്‍ നിരന്തരം ദ്രോഹിക്കുന്നുവെന്നും യാത്ര മുടക്കിയെന്നും വാര്‍ത്തകളുണ്ടായതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച ചര്‍ച്ചകളുണ്ടായത്. എന്നാല്‍, യാസര്‍ എടപ്പാളിന്റെ സഭ്യേതരവും സ്ത്രീ വിരുദ്ധമായതുമായ മുന്‍കാല പോസ്റ്റുകളുമായി ചാനല്‍ ചര്‍ച്ചയില്‍ തന്നെ സിപിഎം അനുകൂലികള്‍ തെളിവുസഹിതം രംഗത്തെത്തുകയും ഫോണ്‍ ഹാക്കിങ് കുറ്റകൃത്യമാണെന്നതും തിരിച്ചറിഞ്ഞാണ് ഉടനടി സൈബര്‍ പോരാളികളെ തള്ളിപ്പറയാന്‍ ലീഗ് നേതൃത്വം തയ്യാറായതെന്നാണു സൂചന.
യാസറിനെതിരേ നേരത്തേ കുറ്റിപ്പുറം, ചങ്ങരംകുളം, താനൂര്‍ പോലിസ് സ്റ്റേഷനുകളിലായി മൂന്നുകേസുകള്‍ നിലവിലുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ മന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനാണ് രണ്ടുകേസുകള്‍. താനൂരിലെ രാഷ്ട്രീയ കൊലപാതകത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ അക്രമത്തിന് ആഹ്വാനം ചെയ്‌തെന്നാണ് മറ്റൊരു കേസ്. ലീഗിനു വേണ്ടി സൈബര്‍ രംഗത്ത് സജീവമായ യാസിര്‍ വിദേശത്തിരുന്നാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തതെന്നാണു വ്യക്തമാവുന്നത്. മാത്രമല്ല, എതിരാളികളെ കടന്നാക്രമിക്കുന്ന വിധത്തില്‍ കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റുകളുണ്ടാക്കുന്നതും ഇയാളെന്നാണെന്നാണു സൂചന. ഏതായാലും ബന്ധു നിയമനം, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ കൊണ്ടുവന്ന വിഷയം തുടങ്ങിയവയിലെല്ലാം മന്ത്രി കെ ടി ജലീലിനെതിരേ തെരുവിലിറങ്ങിയ മുസ് ലിം ലീഗ്, യൂത്ത് ലീഗ് നേതൃത്വത്തിനു ഫോണ്‍ ഹാക്കിങ് ബൂമറാങ്ങാവുമോയെന്ന ആശങ്കയുണ്ടെന്നാണ് പാര്‍ട്ടിയുടെ 'സൈബര്‍ പോരാളി'കളെ അതിവേഗം തള്ളിപ്പറഞ്ഞതിനു പിന്നിലെന്നാണു സൂചന.
Minister KT Jaleel's phone hacking; Muslim League rejects 'cyber fighters' for fear of controversy