ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് 18 വയസില്ലെങ്കിലും വിവാഹിതയാവാം; രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

Update: 2022-08-23 14:02 GMT

ന്യൂഡല്‍ഹി: മുസ്‌ലിം വ്യക്തി നിയമപ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് വിവാഹിതയാവാമെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ല. 18 വയസ് പൂര്‍ത്തിയാവാത്ത ഇത്തരം കേസുകളില്‍ ഭര്‍ത്താവിനെതിരേ പോക്‌സോ കേസെടുക്കാനാവില്ലെന്നും വിവാഹം കഴിച്ച പെണ്‍കുട്ടിക്ക് ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അവകാശമുണ്ടെന്നും ജസ്റ്റിസ് ജസ്മീത് സിങ് വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം ബിഹാറില്‍ വിവാഹിതരായ മുസ്‌ലിം ദമ്പതികളുടെ ഹരജി പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് നടന്ന വിവാഹത്തില്‍ പെണ്‍കുട്ടിക്ക് 15 വയസായിരുന്നു പ്രായം. വിവാഹത്തിന് ശേഷം പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിനെതിരേ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, പോക്‌സോ നിയമത്തിലെ ആറാം വകുപ്പ് എന്നിവ പ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം. ഇതോടെ പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസെടുത്ത പോലിസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഇതിനെതിരെയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.

ഹരജി പരിഗണിച്ച കോടതി, പ്രായപൂര്‍ത്തി ആയിട്ടില്ലെങ്കില്‍ പോലും ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് മുഹമ്മദന്‍ നിയമം അനുസരിച്ച് വിവാഹം കഴിക്കാവുന്നതാണെന്ന് വ്യക്തമാക്കി. പെണ്‍കുട്ടിക്ക് ഭര്‍ത്താവിനൊപ്പം കഴിയാന്‍ അവകാശമുണ്ടെന്നും വിവാഹശേഷം ഭര്‍ത്താവുമായി നടക്കുന്ന ലൈംഗികബന്ധത്തിന്റെ പേരില്‍ കേസെടുക്കാനാവില്ലെന്നും മുന്‍ വിധികളടക്കം ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. കുട്ടികള്‍ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് പോക്‌സോ നിയമത്തിന്റെ ലക്ഷ്യം. ഇത് സാധാരണ നിയമമല്ല. എന്നാല്‍, 18 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമത്തില്‍ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം. ഹരജിക്കാര്‍ പരസ്പരം ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിക്കുകയാണെന്ന് സ്റ്റാറ്റസ് റിപോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്.

പ്രായപൂര്‍ത്തി ആയോ എന്നത് ഇത്തരം കേസുകളില്‍ ബാധകമല്ല. പെണ്‍കുട്ടി വിവാഹത്തിന് സ്വന്തം ഇഷ്ടപ്രകാരം തയ്യാറാണെങ്കില്‍ ദമ്പതികളെ വേര്‍പ്പെടുത്താന്‍ ഭരണകൂടത്തിനോ പോലിസിനോ എന്നല്ല ആര്‍ക്കും അവകാശമില്ല. നിയമപരമായി വിവാഹിതരായതിനാല്‍ ഹരജിക്കാര്‍ ഒരുമിച്ചുജീവിക്കുന്നത് നിഷേധിക്കാനാവില്ല. അവരെ വേര്‍പെടുത്തുന്നത് പെണ്‍കുട്ടിക്കും അവളുടെ ഗര്‍ഭസ്ഥ ശിശുവിനും കൂടുതല്‍ ആഘാതമേ ഉണ്ടാക്കൂ. ഹര്‍ജിക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. പെണ്‍കുട്ടിയെയും ഭര്‍ത്താവിനും സുരക്ഷ ഒരുക്കാനും കോടതി പോലിസിന് നിര്‍ദേശം നല്‍കി.

Tags:    

Similar News