ജന്മദിന പാര്‍ട്ടിക്കിടെ കൂട്ടബലാല്‍സംഗം; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി മരിച്ചു, തൃണമൂല്‍ നേതാവിന്റെ മകന്‍ അറസ്റ്റില്‍
പ്രതിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച ഉച്ചയോടെ പ്രതിയുടെ വസതിയില്‍ പോയ പെണ്‍കുട്ടി അസുഖബാധിതയായി വീട്ടിലേക്ക് മടങ്ങുകയും താമസിയാതെ മരിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഹന്‍സ്ഖാലിയില്‍ ജന്മദിന പാര്‍ട്ടിക്കിടെ കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ മകനാണ് മുഖ്യപ്രതിയെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.കൂടുതല്‍ അന്വേഷണത്തിനായി പോലിസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവം നടന്ന് നാല് ദിവസത്തിന് ശേഷം ഇക്കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് 9ാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മാതാപിതാക്കള്‍ പ്രതിക്കെതിരെ ഹന്‍സ്ഖാലി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
പ്രതിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച ഉച്ചയോടെ പ്രതിയുടെ വസതിയില്‍ പോയ പെണ്‍കുട്ടി അസുഖബാധിതയായി വീട്ടിലേക്ക് മടങ്ങുകയും താമസിയാതെ മരിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
'തങ്ങളുടെ മകള്‍ക്ക് കടുത്ത രക്തസ്രാവമുണ്ടായിരുന്നു, പ്രാദേശിക ടിഎംസി നേതാവിന്റെ മകന്റെ വസതിയില്‍ പാര്‍ട്ടി കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം കഠിനമായ വയറുവേദന ഉണ്ടായിരുന്നു, തങ്ങള്‍ അവളെ ആശുപത്രിയില്‍ കൊണ്ടുപോകും മുമ്പെ അവള്‍ മരിച്ചു.
പാര്‍ട്ടിയില്‍ പങ്കെടുത്തവരുമായി സംസാരിച്ചതില്‍നിന്നു പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് അവളെ കൂട്ടബലാത്സംഗം ചെയ്തതായി തങ്ങള്‍ക്ക് വിവരംലഭിച്ചതായി പെണ്‍കുട്ടിയുടെ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.മരണസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് തന്നെ ഒരു കൂട്ടം ആളുകള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിക്കാന്‍ ബലമായി കൊണ്ടുപോയതായും അവര്‍ ആരോപിച്ചു.
പ്രായപൂര്‍ത്തിയാകാത്തവരെയും സ്ത്രീകളെയും ദുരുപയോഗം ചെയ്യുന്നതിനോട് ഭരണകക്ഷിക്ക് സഹിഷ്ണുതയില്ലെന്ന് മുതിര്‍ന്ന ടിഎംസി നേതാവും സംസ്ഥാന വനിതാ ശിശു വികസന മന്ത്രിയുമായ ശശി പഞ്ച പറഞ്ഞു.
സംഭവത്തില്‍ രാഷ്ട്രീയം പാടില്ല. അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് സാധ്യമായതെല്ലാം ചെയ്യുമെന്നും അവര്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ ബിജെപി ഹന്‍സ്ഖാലിയില്‍ 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു.