'ന്യൂനപക്ഷം സിപിഎമ്മിനെ വിശ്വസിക്കരുത്'; സി പി ജോണിന്റെ അഭിമുഖലേഖനം ജിഫ്രി തങ്ങളുടേതാക്കി വ്യാജപ്രചാരണം
കണ്ണൂര്‍: സിഎംപി ദേശീയ ജനറല്‍ സെക്രട്ടറി 'മാധ്യമം' പത്രത്തിലെഴുതിയ അഭിമുഖ ലേഖനത്തെ സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളുടേതെന്ന വ്യാജേന എഡിറ്റ് ചെയ്ത് വ്യാജപ്രചാരണം. ന്യൂനപക്ഷം സിപിഎമ്മിനെ വിശ്വസിക്കരുതെന്ന തലക്കെട്ടോടെയുള്ള അഭിമുഖമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടേതെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിപ്പിക്കുന്നത്. മാധ്യമം ലേഖകന്‍ ഇ ബഷീര്‍ തയ്യാറാക്കിയ ലേഖനത്തില്‍ സി പി ജോണിന്റെ ചിത്രത്തിനു പകരം ജിഫ്രി തങ്ങളുടെ ചിത്രം എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. അഭിമുഖത്തിന്റെ ആദ്യവാചകമായി നല്‍കിയ വിശദീകരണത്തില്‍ പത്രത്തിലും ഓണ്‍ലൈനിലും സി പി ജോണിന്റെ പേര് നല്‍കിയ സ്ഥലത്തും എഡിറ്റിങ് നടത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് മാധ്യമം യുഡിഎഫ് സെക്രട്ടറി കൂടിയായ സി പി ജോണിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്. എന്നാല്‍, യുഡിഎഫ് അനുകൂല മുസ് ലിം ലീഗ് അക്കൗണ്ടുകളിലൂടെയാണ് പ്രസ്തുത ലേഖനം എഡിറ്റ് ചെയ്ത് വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. സിപിഎമ്മിനെയും ഇടതുപക്ഷത്തെയും രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനമാണിത്. കുറച്ചുകാലമായി ലീഗുമായി സമസ്തയിലെ ഒരു വിഭാഗവും ജിഫ്രി തങ്ങളുള്‍പ്പെടെയുള്ള നേതാക്കളും പല വിഷയങ്ങളിലും വിള്ളലുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് ലീഗിനും യുഡിഎഫിനും തിരിച്ചടിയായേക്കുമെന്ന് ചിലര്‍ വിലയിരുത്തുകയും ചെയ്തിരുന്നു. മാത്രമല്ല, മുസ് ലിം ലീഗിന്റെ സമദാനി മല്‍സരിക്കുന്ന മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കെ എസ് ഹംസ സമസ്തയുടെ നോമിനിയാണെന്നും ആരോപണമുണ്ടായിരുന്നു. ഇത്തരത്തില്‍ പല വിഷയങ്ങളിലും ലീഗിന്റെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന ജിഫ്രി തങ്ങള്‍, ഇടതുപക്ഷത്തിനെതിരേ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചെന്ന രീതിയില്‍ ലേഖനത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജപ്രചാരണം എന്നും സൂചനയുണ്ട്.