ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍നിന്ന് വിട്ടുനിന്ന് 24 എംഎല്‍എമാര്‍; ബംഗാളില്‍ തൃണമൂലിലേയ്ക്കുള്ള നേതാക്കളുടെ തിരിച്ചുപോക്ക് തടയാനാവാതെ ബിജെപി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള നേതാക്കളുടെ തിരിച്ചുപോക്കിന് തടയിടാനുള്ള ബിജെപി നേതൃത്വത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെടുന്നു. ബംഗാള്‍ നിയമസഭാ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന് ഒരുവിഭാഗം ബിജെപി എംഎല്‍എമാര്‍ വിട്ടുനിന്നു. ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി തിങ്കളാഴ്ച വൈകീട്ട് നടന്ന കൂടിക്കാഴ്ചയില്‍ 74 ബിജെപി എംഎല്‍എമാരില്‍ 24 എംഎല്‍എമാരാണ് പങ്കെടുക്കാതിരുന്നത്. ഇതോടെ കൂടുതല്‍ എംഎല്‍എമാര്‍ ബിജെപി വിട്ട് മമതാ ബാനര്‍ജിയുടെ തൃണമൂലിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമാണ്.
ബംഗാളില്‍ അരങ്ങേറുന്ന അക്രമങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും ഗവര്‍ണറെ അറിയിക്കാനും പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമായിരുന്നു എംഎല്‍എമാരുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ മുഴുവന്‍ ബിജെപി എംഎല്‍എമാരും തയ്യാറായിട്ടില്ലെന്ന സൂചനകളാണ് ഇതില്‍നിന്ന് പുറത്തുവരുന്നതെന്നാണ് റിപോര്‍ട്ടുകള്‍. മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കഴിഞ്ഞ ഡിസംബറിലാണ് സുവേന്ദു അധികാരി തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേക്കേറിയത്. തുടര്‍ന്ന് സുവേന്ദുവിന് ബിജെപിയില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കി.
ബിജെപിയിലെ മുഴുവന്‍ നേതാക്കളും തന്നെ അംഗീകരിക്കുന്നുവെന്നായിരുന്നു സുവേന്ദുവിന്റെ അവകാശവാദം. നന്ദിഗ്രാമില്‍ മമതയ്‌ക്കെതിരേ മല്‍സരിച്ച് സുവേന്ദു വിജയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിനുശേഷം അദ്ദേഹത്തെ ബംഗാളിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. എന്നാല്‍, ബംഗാളിലെ ബിജെപിയിലെ ഒരുവിഭാഗം സുവേന്ദുവിന്റെ നേതൃത്വത്തോട് അസ്വാരസ്യമുള്ളവരായിരുന്നു. പാര്‍ട്ടിയില്‍ മുറുമുറുപ്പ് തുടങ്ങിയതോടെയാണ് ബിജെപി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുള്‍ റോയിയും മകന്‍ ശുഭ്രാംശു റോയിയും ദിവസങ്ങള്‍ക്ക് മുമ്പ് തൃണമൂലില്‍ തിരിച്ചെത്തിയത്.
രജീബ് ബാനര്‍ജി, ദിപേന്ദു ബിശ്വാസ് തുടങ്ങിയ നേതാക്കളും ബിജെപി വിട്ടേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. അടുത്തിടെ പാര്‍ട്ടിവിട്ട് ബിജെപിയിലെത്തിയ നിരവധി നേതാക്കള്‍ തൃണമൂല്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും വിവരങ്ങള്‍ പുറത്തുവരുന്നു. ബിജെപിയിലെ 30ലധികം എംഎല്‍എമാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് തൃണമൂല്‍ പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. സുവേന്ദുവിന്റെ നിര്‍ദേശം അംഗീകരിക്കാതെ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍നിന്ന് വിട്ടുനിന്നതോടെ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമോയെന്ന ആശങ്കയിലാണ് ബംഗാളിലെ ബിജെപി നേതൃത്വം. ബിജെപി വിട്ട് തൃണമൂലിലേക്ക് മടങ്ങുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണ് സുവേന്ദു അധികാരി പറയുന്നത്.