'മിഷന്‍ അരിക്കൊമ്പന്‍' വിജയകരം; പെരിയാറിലേക്ക് മാറ്റും, കുമളിയില്‍ നിരോധനാജ്ഞ
നാല് കുങ്കിയാനകളുടെ സഹായത്തോടെയാണ് ദൗത്യസംഘം അരിക്കൊമ്പനെ ലോറിയില്‍ കയറ്റിയത്. ആദ്യം കുങ്കിയാനകളെ കൊണ്ട് അരിക്കൊമ്പനെ തള്ളി ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. പലപ്പോഴും ആന കുതറിമാറി. ആനയെ വാഹനത്തിലേക്ക് കയറ്റുന്ന നിര്‍ണായക ഘട്ടത്തിലാണ് കനത്ത മഴ പെയതത്. നേരത്തെ സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറന്‍സിക് സര്‍ജന്‍ അരുണ്‍ സഖറിയ വെടിവെച്ചത്. അഞ്ചു തവണ ആനയെ മയക്കുവെടിവെച്ചിരുന്നു. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവെക്കുകയെന്ന ദൗത്യം പൂര്‍ത്തിയാക്കിയത്. പിന്നാലെ കുങ്കിയാനകള്‍ അരിക്കൊമ്പന് അടുത്തെത്തി. കാലുകളില്‍ വടമിട്ട ശേഷം ആനിമല്‍ ആംബുലന്‍സ് എത്തിക്കാന്‍ ശ്രമം ആരംഭിച്ചു. പിന്നീട് ജെസിബി ഉപയോഗിച്ച് ആന നില്‍ക്കുന്നിടത്തേക്ക് വഴിയൊരുക്കിയ ശേഷം വാഹനം എത്തിച്ചു. ഇതിനിടെ ആനയുടെ മയക്കം കുറയ്ക്കാനായി ഇരുവശത്തുനിന്നും വെള്ളം ഒഴിച്ചു. പാതി മയക്കത്തിലാണ് അരിക്കൊമ്പനെ ലോറിയില്‍ കയറ്റേണ്ടതെന്നാണ് വിവരം. എന്നാല്‍ ആനയെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല.
ഇന്നലെ മുതലാണ് അരിക്കൊമ്പനെ പിടികൂടാനുളള ശ്രമകരമായ ദൗത്യം ആരംഭിച്ചത്. എന്നാല്‍ ഇന്നലെ ഉച്ചവരെ ആനയെ കണ്ടെത്താനായി കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കണ്ട മറ്റൊരു ആനയെ അരിക്കൊമ്പനെന്ന് സംശയിച്ചെങ്കിലും പിന്നീട് അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടില്‍ ആനയെ കണ്ടെത്തിയത്. ഇവിടെ നിന്നും ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കുകയായിരുന്നു.