ബിജെപി എംഎല്‍എയുടെ മനുഷ്യത്വമില്ലായ്മ; വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന ഡോക്ടര്‍ ചികില്‍സ കിട്ടാതെ മരിച്ചു

Update: 2021-05-27 11:05 GMT
ചിക്മംഗളൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന ഡോക്ടറെ ബിജെപി എംഎല്‍എ ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപണം. ചികില്‍സ വൈകിയ ഡോക്ടര്‍ മരിച്ചു. കൊവിഡ് ചികില്‍സാ രംഗത്ത് സജീവമായിരുന്ന മുതിര്‍ന്ന മെഡിക്കല്‍ ഓഫിസര്‍ ഡോ. രമേശ് കുമാറാണ് മരിച്ചത്. ഇദ്ദേഹം റോഡില്‍ ഗുരുതരമായി പരിക്കേറ്റു കിടന്നിട്ടും തരിക്കേരെ എംഎല്‍എ ഡി എസ് സുരേഷ് തിരിഞ്ഞുനോക്കിയില്ലെന്നാണ് ആരോപണം. ആശുപത്രിയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ പോവുന്നതിനിടെയാണ് ഡോ. രമേശ്കുമാറിനെ അജ്ഞാത വാഹനം ഇടിച്ചത്. സംഭവം നടന്ന്അല്‍പസമയത്തിനകം എംഎല്‍എയും വാഹനവും സ്ഥലത്തെത്തിയിരുന്നു. വാഹനം അല്‍പദൂരം മാറ്റി നിര്‍ത്തിയെങ്കിലും ഡി എസ് സുരേഷ് എംഎല്‍എ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുകയോ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയോ ചെയ്തില്ലെന്നാണ് ആരോപണം.

   

Full View

എംഎല്‍എയുടെ ഗണ്‍മാന്‍ പുറത്തിറങ്ങി അപകട സ്ഥലത്ത് എത്തിനോക്കിയ ശേഷം ആംബുലന്‍സ് വിളിച്ചു. 20 മിനിട്ടോളം കഴിഞ്ഞാണ് ആംബുലന്‍സെത്തിയത്. ഈ സമയമത്രയും വാഹനത്തിലിരുന്ന എംഎല്‍എ സ്വന്തം വാഹനത്തില്‍ ഡോക്ടറെ ആശുപത്രിയിലെത്തിക്കാനോ അപകടസ്ഥലം സന്ദര്‍ശിക്കാനോ തയറായില്ല. ചികില്‍സ കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് ഡോക്ടര്‍ റോഡില്‍ കിടന്ന് തന്നെ മരണപ്പെടുകയായിരുന്നു. എംഎല്‍എയുടെ മനുഷ്യത്വമില്ലായ്മയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും അതിവേഗം പ്രചരിച്ചു. 10 മിനുട്ട് നേരത്തേയെങ്കിലും ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ഡോക്ടറുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് ആരോഗ്യമേഖലയിലുള്ളവരും അഭിപ്രായപ്പെട്ടത്.




Tags:    

Similar News