ഹിന്ദുത്വര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് നിര്‍ബാധം തുടരുന്നു: യുഎസ് റിപോര്‍ട്ട്

ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ലക്ഷ്യംവയ്ക്കുകയാണെന്ന മറ്റൊരു ഗുരുതര ആരോപണവും റിപോര്‍ട്ടിലുണ്ട്.

Update: 2019-06-22 09:57 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വരുടെ ആക്രമണവും ആള്‍ക്കൂട്ട അതിക്രമവും നിര്‍ബാധം തുടരുകയാണെന്ന് യുഎസ് റിപോര്‍ട്ട്. നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ ബിജെപി അടക്കമുള്ളവരും തീവ്ര ഹിന്ദുത്വ സംഘടനകളും മതന്യൂനപക്ഷങ്ങള്‍ക്കെതിരേ പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുകയാണെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ട '2018ലെ രാജ്യാന്തര മതസ്വാതന്ത്ര്യ റിപോര്‍ട്ടില്‍' വ്യക്തമാക്കുന്നത്.

പശുവിന്റെ പേരിലുള്ള അതിക്രമമാണ് കൂടുതലും റിപോര്‍ട്ടില്‍ ഉള്ളത്. കന്നുകാലികളെ വിറ്റുവെന്നോ മോഷ്ടിച്ചുവെന്നോ അവയുടെ ഇറച്ചി സ്വന്തമാക്കിയെന്നോ ആരോപിച്ച് മുസ്‌ലിംകളെ ഇന്ത്യയില്‍ കൊലപ്പെടുത്തുന്നത് പതിവായിരിക്കുന്നുവെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2018ല്‍ നടന്ന 18അതിക്രമങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. കൂടാതെ ഈ സംഭവങ്ങളില്‍ പ്രതികളായ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് അടക്കമുള്ളവരില്‍ നിന്നും ഉണ്ടായതെന്ന ഗുരുതരമായ കണ്ടെത്തലും റിപോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ടിലെ ഇന്ത്യയെ കുറിച്ചുള്ള ഭാഗത്താണ് മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ സ്ഥിതി വഷളാക്കുന്ന വിധത്തില്‍ അതിപ്രകോപനപരമായ പ്രസംഗങ്ങളും പ്രസ്താവനകളുമാണ് നടത്തുന്നതെന്നും റിപോര്‍ട്ടിലുണ്ട്.

അധികൃതര്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് കുടപിടിക്കുന്നതിന് ഉദാഹരണമായി 2018 ജൂണില്‍ ബീഫിന്റെ പേരില്‍ ആക്രമണത്തിനിരയായ മുസ്‌ലിമിനെ സംരക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം സ്‌റ്റേഷനില്‍ കൊണ്ടുവരികയും ഇടയ്ക്ക് വാഹനം നിര്‍ത്തി ചായകുടിക്കുകയും ചെയ്ത ഉത്തര്‍പ്രദേശ് പോലിസിന്റെ നടപടിയും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇരയായ മുസ്‌ലിം മരിച്ചതും സംഭവത്തില്‍ പോലിസുകാരനെതിരെ മനപൂര്‍വമായ നരഹത്യക്ക് കേസെടുത്തതും റിപ്പോര്‍ട്ടിലുണ്ട്.

ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ലക്ഷ്യംവയ്ക്കുകയാണെന്ന മറ്റൊരു ഗുരുതര ആരോപണവും റിപോര്‍ട്ടിലുണ്ട്. സ്വതന്ത്ര പൂര്‍വ ഇന്ത്യയില്‍ മുസ്‌ലിംകള്‍ സ്ഥാപിച്ച സര്‍വകലാശാലകളുടെ ന്യൂനപക്ഷ സ്വഭാവത്തിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചതാണ് റിപോര്‍ട്ടിനിടയാക്കിയ സംഭവം. ഏറെക്കാലം മുസ്‌ലിം രാജാക്കന്‍മാര്‍ ഭരിക്കുകയും അവര്‍ നിര്‍മിക്കുകയം ചെയ്ത നഗരങ്ങളുടെ മുസ്‌ലിം പശ്ചാത്തലം ഇല്ലാതാക്കുന്നതും പല പുരാതനനഗരങ്ങളുടെയും റോഡുകളുടെയും മുസ്‌ലിം പേരുകള്‍ മാറ്റുന്നതും റിപോര്‍ട്ടില്‍ പ്രതേകം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ചരിത്രത്തിലെ മുസ്‌ലിം സംഭാവനകള്‍ മായ്ച്ചുകളയാനാണ് ഇത്തരം നടപടികളെന്ന ആക്ടിവിസ്റ്റുകളുടെ അഭിപ്രായവും റിപോര്‍ട്ട് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അടിസ്ഥാന മനുഷ്യാവകാശങ്ങളെ എങ്ങിനെയാണ് ഓരോ രാജ്യങ്ങളും നോക്കിക്കാണുന്നതെന്ന് വ്യക്തമാക്കുന്ന പ്രോഗ്രസ് കാര്‍ഡാണ് റിപ്പോര്‍ട്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപ്യോ പറഞ്ഞു.

Similar News