ഭര്‍ത്താവും പെണ്‍സുഹൃത്തും തമ്മിലുള്ള സംഭാഷണം ചോര്‍ത്തി ഭാര്യയെ കേള്‍പ്പിച്ച മൊബൈല്‍ ടെക്‌നീഷ്യനെതിരേ കേസ്

പത്തനംതിട്ട: ഭര്‍ത്താവും പെണ്‍സുഹൃത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഭാര്യക്ക് ചോര്‍ത്തി നല്‍കിയ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനെതിരേ പോലിസ് കേസെടുത്തു. കാര്‍ത്തിക ഭവനില്‍ നവീന്‍ (30) എന്നയാള്‍ക്കെതിരേയാണ് ഫോണ്‍ ചോര്‍ത്തലിന് ഇരയായ ആളുടെ പരാതിയില്‍ തണ്ണിത്തോട് പോലിസ് കേസെടുത്തിരിക്കുന്നത്.
ഹാങ്ങായ ഫോണ്‍ നന്നാക്കാനാണ് പരാതിക്കാരന്‍ ടെക്‌നീഷ്യനായ നവീനിന് ഫോണ്‍ നല്‍കിയതെന്ന് പോലിസ് പറഞ്ഞു. ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനൊപ്പം നവീന്‍ ഈ മൊബൈല്‍ ഫോണിലെ റെക്കോര്‍ഡിങ്ങുകള്‍ സ്വന്തം ഫോണിലേക്ക് മാറ്റി പരാതിക്കാരന്റെ ഭാര്യയ്ക്ക് കേള്‍പ്പിച്ചുകൊടുക്കുകയായിരുന്നു. ഇതോടെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു. ഇതേ തുടര്‍ന്നാണ് നവീനെതിരെ പരാതി നല്‍കിയത്. നവീനെതിരേ കേസെടുത്ത വിവരം അറിഞ്ഞതോടെ മറ്റൊരു യുവതിയും ഇയാള്‍ക്കെതിരേ പരാതി നല്‍കി. രാത്രി സ്‌കൂട്ടറില്‍ പോകവെ തണ്ണിത്തോട് ഭാഗത്തുവെച്ച് കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.