ഏകാധിപതിയാവാന്‍ മോദി ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

Update: 2023-12-22 14:07 GMT

കണ്ണൂര്‍: ജനാധിപത്യത്തിന്റെ നെടുംതൂണുകളെ വരുതിയിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി എകാധിപതിയാകാന്‍ ശ്രമിക്കുകയാണെന്ന് എഐസിസി വര്‍ക്കിങ് കമ്മിറ്റി മെമ്പറും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതക്കെതിരേ ശബ്ദമുയര്‍ത്തിയ പ്രതിപക്ഷ നേതാക്കളെ പാര്‍ലമെന്റില്‍ നിന്നു സസ്‌പെന്റ് ചെയ്തതിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി കണ്ണൂരില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജനാധിപത്യ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിനകത്ത് കടന്നുകയറി അതിക്രമം കാണിച്ച സംഭവത്തില്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്ത്യര മന്ത്രിയുടെയും പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പാര്‍ലമെന്റംഗങ്ങളെ പുറത്താക്കിയ സംഭവം ജനാധിപത്യ രാജ്യത്ത് നടക്കാന്‍ പാടില്ലാത്തതാണ്. പാര്‍ലമെന്റിനെ അവഹേളിക്കുന്ന നരേന്ദ്രമോദി ജനാധിപത്യത്തെയും അവഹേളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെയും ജുഡീഷ്യറിയെയും മാധ്യമങ്ങളെയും വരുതിയിലാക്കിയിരിക്കുകയാണ്. ഏകാധിപത്യത്തിലേക്ക് പോവാനുള്ള നീക്കമാണ്. ഭരണകൂടം ഏകാധിപത്യത്തിലേക്ക് പോവുമ്പോള്‍ ജനങ്ങള്‍ ഭയപ്പാടിലാണ്. മോദിക്കെതിരേ വിമര്‍ശിക്കുന്നവരെ കേസെടുത്തും ഇഡിയെ കൊണ്ട് വീടുകളില്‍ റെയിഡ് നടത്തിച്ചും നാവടപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

    കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. അഡ്വ. പി എം നിയാസ്, വി എ നാരായണന്‍, ചന്ദ്രന്‍ തില്ലങ്കേരി, പ്രഫ. എ ഡി മുസ്തഫ, സജീവ് മാറോളി, കെ സി മുഹമ്മദ് ഫൈസല്‍, വി വി പുരുഷോത്തമന്‍, എം പി ഉണ്ണികൃഷ്ണന്‍, അഡ്വ. വി പി അബ്ദുര്‍ റഷീദ്, അഡ്വ. റഷീദ് കവ്വായി, കെ പി സാജു, എം കെ മോഹനന്‍, കെ സി ഗണേശന്‍, കണ്ടോത്ത് ഗോപി, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഹരിദാസ് മൊകേരി, ടി ജയകൃഷ്ണന്‍, ബിജു ഉമ്മര്‍, സി വി സന്തോഷ്, സി ടി ഗിരിജ, രമേശന്‍ മാസ്റ്റര്‍, ശ്രീജ മഠത്തില്‍, വിജില്‍ മോഹനന്‍, കായക്കല്‍ രാഹുല്‍, കൂക്കിരി രാജേഷ്, ലക്ഷ്മണന്‍ തുണ്ടിക്കോത്ത്, പി മുഹമ്മദ് ഷമ്മാസ് സംസാരിച്ചു.

Tags:    

Similar News