മോദിയുടെ റോഡ് ഷോ: പരീക്ഷാര്‍ഥികളോട് രണ്ടു മണിക്കൂര്‍ നേരത്തേ സ്‌കൂളിലെത്താന്‍ നിര്‍ദേശം

Update: 2024-03-18 12:28 GMT

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കുന്നതിനാല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളോട് രണ്ടുമണിക്കൂര്‍ നേരത്തെ എത്താന്‍ നിര്‍ദേശം. നാളെ രാവിലെ 7.30ഓടെ സ്‌കൂളിലെത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പും പോലിസും ഉത്തരവിട്ടിരിക്കുന്നത്. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുന്നത്. ഇതിന് രണ്ടു മണിക്കൂര്‍ മുമ്പ് സ്‌കൂളിലെത്തണമെന്നാണ് ആവശ്യം. പാലക്കാട് നഗരത്തിലെ ബിഇഎം, മോയന്‍സ്, പിഎംജി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനാലാണ് വിദ്യാര്‍ഥികളോട് നേരത്തേയെത്താന്‍ നിര്‍ദേശിച്ചതെന്നാണ് പറയുന്നത്. എന്നാല്‍, ജില്ലയുടെ പല ഭാഗങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികളും സ്‌കൂളില്‍ പരീക്ഷ എഴുതുന്നതിനാല്‍ അതിരാവിലെ എത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും. എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയാണ് മോദി പാലക്കാട്ടെത്തുന്നത്. രാവിലെ 10നാണ് നഗരത്തില്‍ റോഡ് ഷോ നടത്തുന്നത്. അശാസ്ത്രീയനിര്‍ദേശത്തിനെതിരേ രക്ഷിതാക്കളും വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Similar News