വെറുപ്പിന്റെ പ്രചാരകര്‍ക്കുള്ള മറുപടി; നീരജ് ചോപ്രക്ക് പിന്തുണയുമായി മുഹമ്മദ് കൈഫ്

Update: 2021-08-29 06:45 GMT

ന്യൂഡല്‍ഹി: ഒളിപിക്‌സില്‍ പാക് താരവുമായി ബന്ധപ്പെടുത്തി ചില കേന്ദ്രങ്ങള്‍ ആരംഭിച്ച വിവാദത്തില്‍ ജാവലിന്‍ ത്രോ താരമായ നീരജ് ചോപ്രക്ക് പിന്തുണയുമായി മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്.

വിദ്വേഷത്തിന്റെ അജണ്ട മുന്നോട്ട് വയ്ക്കാന്‍ കായിക രംഗത്തെ ഉപയോഗിക്കുന്നവര്‍ക്ക് മറുപടി നല്‍കിയതിന് നീരജ് ചോപ്രക്ക് മുഹമ്മദ് കൈഫ് നന്ദി അറിയിച്ചു. 'കളിക്കളത്തിലെ എതിരാളി ഒരു സുഹൃത്താകാം, അതിന് ദേശീയത തടസ്സമാവുന്നില്ല. കായിക രംഗം വിഭജിപ്പിക്കുകയല്ല, ഒന്നിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ലോകത്തെ ഓര്‍മിപ്പിച്ചത് ഒരു സ്വര്‍ണ മെഡല്‍കൂടി'. മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തു.

നീരജ് ചോപ്രയുടെ ജാവലിന്‍ പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം എടുത്തതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വ്യാകമായ അധിക്ഷേപം ഉയര്‍ത്തിരുന്നു. നീരജ് ചോപ്രയെ പരാജയപ്പെടുത്താന്‍ വേണ്ടി ജാവലിനില്‍ കൃത്രിമം നടത്താനാണ് പാക് താരം അത് എടുത്തത് എന്നായിരുന്നു അധിക്ഷേപം. നിരജ് ചോപ്ര തന്നെ ഇതിനെതിരില്‍ ശക്തമായ പ്രതികരിച്ചിരുന്നു. വൃത്തികെട്ട അജണ്ടകള്‍ക്കും സ്ഥാപിത താല്‍പര്യങ്ങള്‍ക്കുമായി തന്നെ ഉപയോഗിക്കരുതെന്നായിരുന്നു നീരജ് ചോപ്രയുടെയും പ്രതികരണം.

ഇതിനെ അനുകൂലിച്ചും നീരജിനെ പിന്തുണച്ചും ഗുസ്തി താരം ബജ്‌രംഗ് പൂനിയയും രംഗത്തുവന്നിരുന്നു. കായികരംഗത്തെ ഭിന്നിപ്പിന്നായി ഉപയോഗിക്കരുതെന്ന് ബജ്‌രംഗ് പൂനിയ പറഞ്ഞു. എല്ലാ കായിക താരങ്ങളെയും ബഹുമാനിക്കണം. പാകിസ്താനില്‍ നിന്നായത് കൊണ്ട് മാത്രം ഒരു താരത്തിനെതിരെ പറയരുതെന്നും ബജ്‌രംഗ് പൂനിയ ആവശ്യപ്പെട്ടു. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് ബജ്‌രംഗ് പൂനിയ.

താന്‍ ജാവലിന്‍ ത്രോയില്‍ മാത്രമല്ല, ജീവിതത്തിലും ഹീറോയാണെന്ന് തെളിയിക്കുന്നാതായിരുന്നു ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ നിലപാട്. തന്റെ പേര് ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തരുതെന്ന് ട്വിറ്റര്‍ വഴി പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം ഹിന്ദുത്വ വലതുപക്ഷ പ്രചാരകര്‍ക്ക് മുന്നറിയിപ്പു നല്‍കി. നിങ്ങളുടെ അജണ്ടക്ക് തന്റെ കമന്റ് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ ഒരു അഭിമുഖത്തോടെയാണ് പ്രചാരണം ആരംഭിച്ചത്. പാകിസ്താനിയായ കളിക്കാരന്‍ തന്റെ ജാവലിന്‍ എടുത്ത് പ്രാക്റ്റീസ് ചെയ്യുന്നത് കണ്ടപ്പോള്‍ അത് തിരിച്ചുവാങ്ങിയതിനെക്കുറിച്ച് നീരജ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ഉപയോഗപ്പെടുത്തി പാക് താരം നീരജ് ചോപ്രയുടെ ജാവലിനില്‍ കൃത്രിമം കാട്ടിയെന്ന് ഹിന്ദുത്വ സൈബര്‍ സംഘം വ്യാപകമായി പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് വീഡിയോയുമായി നീരജ് തന്നെ ട്വിറ്ററിലെത്തിയത്.

പാകിസ്താനി ജാവലിന്‍ മല്‍സരാര്‍ത്ഥിയായ അര്‍ഷദ് നദീം ജാവലിനില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്ന് അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കി. 'എല്ലാവരുടെയും ജാവലിനുകള്‍ ഒരേ സ്ഥലത്താണ് സൂക്ഷിക്കുക. ആര്‍ക്കു വേണമെങ്കിലും ഏത് ജാവലിനും ഉപയോഗിക്കാം. അതില്‍ തെറ്റൊന്നുമില്ല. അര്‍ഷദ് നദീം എന്റെ ജാവലിന്‍ ഉപയോഗിച്ചതിലും തെറ്റില്ല. അദ്ദേഹം എന്റെ ജാവലിന്‍ ഉപയോഗിച്ച് പരിശീലനം നടത്തിയപ്പോള്‍ ഞാനത് തിരിച്ചുചോദിച്ചു. ഞാന്‍ പറഞ്ഞ ഒരു കമന്റ് ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടതില്‍ വിഷമമുണ്ട്. അത് ചെയ്യരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു'' നീരജ് ചോപ്ര വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചു.

കായിക വിനോദങ്ങള്‍ ജനങ്ങളെ ഒന്നിപ്പിക്കുന്നുവെന്ന് പറഞ്ഞ് തുടങ്ങിയ മറ്റൊരു ട്വീറ്റില്‍ അദ്ദേഹം തന്റെ കമന്റുകള്‍ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചതില്‍ നിരാശ പ്രകടിപ്പിച്ചു.

നീരജിന്റെ ജാവലിന്‍ നദീം എടുത്തുപയോഗിച്ചത് കൃത്രിമം കാണിക്കാനാണെന്ന് ആരോപിച്ച് നിരവധി പോസ്റ്റുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

നീരജിന്റെ ട്വീറ്റ് ജനങ്ങള്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയത്. സ്‌പോര്‍ട്‌സ് എങ്ങനെയാണ് ജനങ്ങളെ ഐക്യപ്പെടുത്തുന്നതെന്നും അതിരുകള്‍ മായ്ക്കുന്നതെന്നുമാണ് ഇത് തെളിയിക്കുന്നതെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടു. സിനിമാ താരം സ്വര ഭാസ്‌കര്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ നീരജ് ചോപ്രയെ അഭിന്ദിച്ച് രംഗത്തുവന്നു.

Tags:    

Similar News