പുല്‍വാമ ആക്രമണം; പ്രചാരണ രംഗത്ത് അന്തിച്ചുനിന്ന കോണ്‍ഗ്രസ് തിരിച്ചുവരവിനൊരുങ്ങുന്നു
നരേന്ദ്ര മോദിക്കെതിരേ ശക്തമായി ആഞ്ഞടിച്ച് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ബഹുദൂരം മുന്നോട്ട് പോയ കോണ്‍ഗ്രസിനെ, സാഹചര്യം മുതലെടുത്ത് ദേശീയ വികാരം ആളിക്കത്തിച്ചുള്ള ബിജെപിയുടെ കളി തെല്ലൊന്നുമല്ല തളര്‍ത്തിയത്.
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഊര്‍ജം നഷ്ടപ്പെട്ട കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും ശക്തിപ്രാപിക്കുന്നു. നരേന്ദ്ര മോദിക്കെതിരേ ശക്തമായി ആഞ്ഞടിച്ച് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ബഹുദൂരം മുന്നോട്ട് പോയ കോണ്‍ഗ്രസിനെ, സാഹചര്യം മുതലെടുത്ത് ദേശീയ വികാരം ആളിക്കത്തിച്ചുള്ള ബിജെപിയുടെ കളി തെല്ലൊന്നുമല്ല തളര്‍ത്തിയത്. പുതിയ സാഹചര്യത്തില്‍, സൂക്ഷമമായി കരുക്കള്‍ നീക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയെയും ബിഎസ്പിയെയും വീണ്ടും സമീപിക്കാനും ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായി കൂട്ടുവേണ്ടെന്ന തീരുമാനം പുനപ്പരിശോധിക്കാനും കോണ്‍ഗ്രസ് ഒരുങ്ങുന്നതായാണ് സൂചന. അന്തരീക്ഷം മൊത്തം മാറിയിരിക്കുകയാണ്. പ്രചരണവും തന്ത്രങ്ങളും ഉള്‍പ്പെടെ എല്ലാം വീണ്ടും ആസൂത്രണം ചെയ്യണം- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദേശീയ മാധ്യമത്തോട് പറഞ്ഞു.
പുല്‍വാമ ആക്രമണത്തിന് തൊട്ടുമുമ്പ് ഫെബ്രുവരി 13ന് നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം പാര്‍ട്ടിയുടെ മുന്നേറ്റത്തിന്റെ സൂചനയായിരുന്നു. ഓരോ ദിവസവും വരുന്ന വാര്‍ത്തകളില്‍ നമ്മള്‍ ബിജെപിയെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ മനസ്സിലേക്ക് കോണ്‍ഗ്രസ് ആഴത്തില്‍ ഇറങ്ങിക്കഴിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞിരുന്നു. റാഫേല്‍ അഴിമതി, തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തി കോണ്‍ഗ്രസ് നടത്തിയ പ്രചാരണം ബിജെപിയെ ശരിക്കും വെട്ടിലാക്കിയതായാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തിയത്.
എന്നാല്‍, ഈ ആധിപത്യം പുല്‍വാമ ആക്രമണത്തോടെ തകര്‍ന്നതായാണ് നേതാക്കള്‍ കരുതുന്നത്. രാഷ്ട്രീയവും ഭരണപരവുമായ വിഷയങ്ങളിലേക്ക് പ്രചാരണം തിരിച്ചുകൊണ്ടുവരികയും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുക എന്നതാണ് ഇനി കോണ്‍ഗ്രസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. അതേ സമയം, പുല്‍വാമ ആക്രമണ വിഷയത്തില്‍ സന്തുലിത നിലപാട് സ്വീകരിക്കാണ് പാര്‍ട്ടിയുടെ പദ്ധതി. സൈന്യത്തിന് പിന്തുണ നല്‍കുകയും എന്നാല്‍, പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള മോദിയുടെയും ബിജെപിയുടെയും ശ്രമം പ്രതിരോധിക്കുകയും ചെയ്യുക എന്ന ദ്വിമുഖ തന്ത്രമായിരിക്കും കോണ്‍ഗ്രസ് സ്വീകരിക്കുക. ആക്രമണത്തില്‍ സൈന്യം നേടിയ വിജയത്തെ ചോദ്യം ചെയ്യാതെ തന്നെ, ജമ്മു കശ്മീരിലെ സുരക്ഷാ പരാജയം, പാകിസ്താനുമായുള്ള വിദേശ നയതന്ത്രം, വ്യോമാക്രമണത്തിന്റെ രാഷ്ട്രീയവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മുന്നോട്ടു പോവുന്ന നിലപാടായിരിക്കും കോണ്‍ഗ്രസ് സ്വീകരിക്കുക.