മോന്‍സന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും മറ്റൊരു യുവതിയേയും പീഡിപ്പിച്ച കേസുകളിലാണ് ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സന് മാവുങ്കല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും മറ്റൊരു യുവതിയേയും പീഡിപ്പിച്ച കേസുകളിലാണ് ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നടപടികള്‍ തുടങ്ങിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിക്കും. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് ആവശ്യപ്പെടും.
തനിക്കെതിരായ പീഡനക്കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് അപേക്ഷയില്‍ മോന്സന് പറയുന്നു. കേസില്‍ കൂട്ടുപ്രതി ആക്കുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടര്‍ന്നാണ് പീഡന കേസില്‍ യുവതി തനിക്കെതിരേ മൊഴി നല്‍കിയതെന്നും മോന്സന് അപേക്ഷയില്‍ പറഞ്ഞു. മോന്‍സന്റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായ വാഗ്ദനം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പോലിസ് കണ്ടെത്തല്‍. 2018 മുതല്‍ പ്രതി പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. മോന്‍സന്റെ മുന്‍ ജീവനക്കാര്‍ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്.