വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ വോട്ട് അഭ്യര്‍ഥിച്ച് 800 നാടക പ്രവര്‍ത്തകര്‍

നമ്മുടെ ഭക്ഷണത്തിലും പ്രാര്‍ത്ഥനയിലും ഉത്സവങ്ങളിലും വെറുപ്പിന്റെ അന്തരീക്ഷം നാമ്പെടുത്തിരിക്കുന്നു. നിത്യ ജീവിതത്തില്‍ വരെ കടന്നുകൂടിയ വെറുപ്പ് അപകടകാരിയായി മാറിയിരിക്കുന്നു. ഇത് അവസാനിപ്പിക്കണമെന്നും പതിനൊന്ന് ഭാഷകളിലായി പുറത്തിറക്കിയ പ്രസ്താവന ഓര്‍മിപ്പിക്കുന്നു.

Update: 2019-04-10 11:44 GMT

ന്യൂഡല്‍ഹി: സിനിമ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കു പിന്നാലെ ബിജെപി സര്‍ക്കാരിന്റെ വിഭജനരാഷ്ട്രീയത്തിനെതിരേ വോട്ട് ചോദിച്ച് രാജ്യത്തുടനീളമുള്ള 800 നാടകപ്രവര്‍ത്തകര്‍. സ്വതന്ത്ര്യ ഇന്ത്യാ ചരിത്രത്തിലെ ഏറെ നിര്‍ണായക തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യംവഹിക്കുന്നതെന്ന് നാടകപ്രവര്‍ത്തകരുടെ സംഘടനയായ ആര്‍ട്ടിസ്റ്റ് യുണൈറ്റ് ഇന്ത്യ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇന്ന് ഇന്ത്യയെന്ന ആശയത്തിനൊപ്പം പാട്ടും നൃത്തവും ചിരിയും വരെ അപകടത്തിലാണ്. ഭരണഘടന തന്നെ അപകടത്തിലാണ്. പ്രതിവാദങ്ങളും എതിരഭിപ്രായങ്ങളും തര്‍ക്കങ്ങളും ഉയരേണ്ട സ്ഥാപനങ്ങളെല്ലാം അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു.

ചോദ്യം ചെയ്യുന്നതിനെയും നുണകള്‍ തുറന്നു കാണിക്കുന്നതിനെയും സത്യം പറയുന്നതിനെയും ദേശവിരുദ്ധമായി മുദ്ര കുത്തുന്നു.നമ്മുടെ ഭക്ഷണത്തിലും പ്രാര്‍ത്ഥനയിലും ഉത്സവങ്ങളിലും വെറുപ്പിന്റെ അന്തരീക്ഷം നാമ്പെടുത്തിരിക്കുന്നു. നിത്യ ജീവിതത്തില്‍ വരെ കടന്നുകൂടിയ വെറുപ്പ് അപകടകാരിയായി മാറിയിരിക്കുന്നു. ഇത് അവസാനിപ്പിക്കണമെന്നും പതിനൊന്ന് ഭാഷകളിലായി പുറത്തിറക്കിയ പ്രസ്താവന ഓര്‍മിപ്പിക്കുന്നു.

മോദി ഭരണകൂടം എതിരഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തുകയും വെറുപ്പും അക്രമവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ്.അഞ്ച് വര്‍ഷം മുന്‍പ് വികസനത്തിന്റെ പേര് പറഞ്ഞ് അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ ഹിന്ദുത്വ ഗുണ്ടകളെ കെട്ടഴിച്ചു വിട്ടെന്നും അതുവഴി അക്രമത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തിന് വഴിയൊരുങ്ങി.-പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. 835 നാടകപ്രവര്‍ത്തകരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.

വെറുപ്പിന്റെയും നിസംഗതയുടെയും രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ് സ്‌നേഹത്തിനും സാഹോദര്യത്തിനും സമത്വത്തിനും സാമൂഹ്യനീതിയ്ക്കും വേണ്ടി വോട്ട് ചെയ്യണമെന്ന് ഓര്‍മിപ്പിച്ച നാടക പ്രവര്‍ത്തകര്‍ അന്ധകാരത്തിന്റെയും ക്രൂരതയുടെയും ശക്തികളെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

Tags:    

Similar News