പശുത്തൊഴുത്തിന്റെ ഗന്ധം മോശമാണെന്ന് പറയുന്നവര്‍ക്ക് രാജ്യത്ത് താമസിക്കാനുള്ള അവകാശമില്ല: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്

Update: 2025-04-14 12:31 GMT
പശുത്തൊഴുത്തിന്റെ ഗന്ധം മോശമാണെന്ന് പറയുന്നവര്‍ക്ക് രാജ്യത്ത് താമസിക്കാനുള്ള അവകാശമില്ല: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്

ഭോപ്പാല്‍: പശുത്തൊഴുത്തിന്റെ ഗന്ധം മോശമാണെന്ന് പറയുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള ധാര്‍മിക അവകാശമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. ചാണകം ജീവിതത്തിന്റ അമൃതാണെന്നും തരിശ് ഭൂമിയെ സ്വര്‍ണ നിറത്തിലുള്ള ഗോതമ്പാക്കി മാറ്റുന്ന വളമാണ് ചാണകമെന്നും അദ്ദേഹം പറഞ്ഞു. പശുവിന്റെ ചാണകത്തില്‍ നിന്നും മൂത്രത്തില്‍ നിന്നും കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് ആയുര്‍വേദം പരിഹാരം കണ്ടെത്തുന്നുണ്ടെന്നും ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന് കീഴിലെ പശുത്തൊഴുത്ത് ഉദ്ഘാടനം ചെയ്ത് മോഹന്‍ യാദവ് പറഞ്ഞു. രാജ്യത്ത് പശുത്തൊഴുത്തുകളല്ല, പെര്‍ഫ്യൂം പാര്‍ക്കുകളാണ് വേണ്ടതെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയെ വിമര്‍ശിച്ചാണ് മോഹന്‍ യാദവ് ഇങ്ങനെ പറഞ്ഞത്.

''ഉത്തര്‍പ്രദേശ് പോലുള്ള വിശാലവും ചരിത്രപരവുമായ ഒരു സംസ്ഥാനത്തെ ഒരാള്‍, കന്നുകാലി വളര്‍ത്തല്‍ പാരമ്പര്യ തൊഴിലായിരുന്ന ഒരു വിഭാഗത്തില്‍ നിന്നുള്ളയാള്‍, തിരഞ്ഞെടുപ്പ് നേട്ടത്തിനായി പശുത്തൊഴുത്തിനേക്കാള്‍ പ്രാധാന്യം സുഗന്ധദ്രവ്യങ്ങള്‍ക്ക് നല്‍കുന്നത് ദുഖകരമാണ്. പശുത്തൊഴുത്തിലെ ഗന്ധം അസഹനീയമായി തോന്നുന്ന ഒരാള്‍ക്ക് ഇന്ത്യയ്ക്ക് അകത്ത് ജീവിക്കാന്‍ അവകാശമില്ല.''-മോഹന്‍ യാദവ് പറഞ്ഞു.

Similar News