എംഎസ്എഫ് ഹരിത വിവാദം: മുന്‍ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി മുസ് ലിം ലീഗ് പിന്‍വലിച്ചു

Update: 2024-03-27 14:37 GMT

കോഴിക്കോട്: എംഎസ്എഫ്-ഹരിത വിവാദത്തില്‍ മുന്‍ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി മുസ് ലിം ലീഗ് പിന്‍വലിച്ചു. ഇതുപ്രകാരം എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ് ലിയ, ഹരിത മുന്‍ പ്രസിഡന്റ് മുഫീദ തസ്‌നി, മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ, എംഎസ്എഫ് സംസ്ഥാന ഭാരവാഹികളായ ലത്തീഫ് തുറയൂര്‍, കെ എം ഫവാസ് എന്നിവര്‍ക്കെതിരായ നടപടിയാണ് പിന്‍വലിച്ചത്. അതേസമയം, എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസിനെതിരേ പോലിസില്‍ നല്‍കിയ പരാതി പിന്‍വലിക്കാനും ധാരണയായി. അച്ചടക്ക നടപടി നേരിട്ട ഭാരവാഹികള്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടിയെന്നാണ് മുസ് ലിം ലീഗ് നേതൃത്വം അറിയിച്ചത്.

    2021 ജൂണ്‍ 22ന് എംഎസ്എഫിന്റെ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നടന്ന യോഗത്തില്‍ ലൈംഗികമായി അധിക്ഷേപിച്ച് സംസാരിച്ചെന്നത് ഉള്‍പ്പെടെയുള്ള പരാതികളാണുണ്ടായിരുന്നത്. അന്നത്തെ ഹരിത നേതാക്കള്‍ ലീഗ് നേതൃത്വത്തെ ഉള്‍പ്പെടെ അറിയിച്ചെങ്കിലും നടപടിയുണ്ടാവാത്തതിനാല്‍ സംസ്ഥാന വനിത കമീഷന് പരാതി നല്‍കുകയായിരുന്നു. വനിതാ കമ്മീഷന്‍ പരാതി പോലിസിന് കൈമാറിയതിനെ തുടര്‍ന്ന് ചെമ്മങ്ങാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി കെ നവാസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിനിടയില്‍ മുസ്‌ലിം ലീഗ് നേതൃത്വം ഇടപെട്ട് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങാത്തതിനാല്‍ ഹരിത സംസ്ഥാന കമ്മിറ്റി തന്നെ പിരിച്ചുവിട്ടത് ഏറെ വിവാദമായിരുന്നു. പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കുകയും ഫാത്തിമ തഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുകയുമായിരുന്നു. അതേസമയം, നടപടിയെടുത്തെങ്കിലും പാര്‍ട്ടി വിടാതെയാണ് ഹരിത നേതാക്കളെല്ലാം പ്രവര്‍ത്തിച്ചിരുന്നത്.

Tags:    

Similar News